Blog

അറസ്റ്റിൽ.

തിരുവനന്തപുരം : അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്തെ സ്പാകളില്‍ ആന്ധ്ര സ്വദേശിയായ പതിനാറുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ നഗരൂര്‍ പഞ്ചായത്തിലെ താത്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ വി. മായ (42) കൂടി അറസ്റ്റിലായതോടെ, തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളുടെ മറവില്‍ വന്‍ ‘ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാഫിയ’ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കടുത്ത സംശയത്തിലാണ് അന്വേഷണ സംഘം.

വെങ്ങാനൂര്‍ വെണ്ണിയൂര്‍ കക്കാക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മായയെ കോവളം പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. സ്പാ നടത്തിപ്പുകാരില്‍ നിന്ന് ഒഴുകിയെത്തിയ നിയമവിരുദ്ധ വരുമാനത്തിന്റെ പ്രധാന പങ്കും ആദ്യം എത്തിയത് മായയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്പാകളുടെ ബിനാമി ഉടമസ്ഥത മായയ്ക്കായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചനകള്‍. സ്പായില്‍ നിന്ന് മായയുടെ അക്കൗണ്ടിലേക്ക് എത്തുന്ന പണം, അവിടെ നിന്നാണ് അനുരൂപിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. മുന്‍പ് അറസ്റ്റിലായ അനുരൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച വാട്സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് മായയിലേക്ക് എത്തിയത്.

ഒരു വര്‍ഷത്തിലേറെയായി അനുരൂപും മായയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. നഗരസഭയിലും പഞ്ചായത്തുകളിലും സ്പാനടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും പരിശോധന നടത്തുന്നതും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായതിനാല്‍, ഈ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് അനധികൃത സ്പാകള്‍ക്ക് കുടപിടിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ പ്രധാന പണി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

നേരത്തെ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം അനധികൃത സ്പാകളുടെ മറവില്‍ വന്‍ പെണ്‍വാണിഭ സംഘവും ലഹരി ശൃംഖലയും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പൊലീസ് സജീവമായി അന്വേഷിച്ചുവരികയാണ്. കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കോ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്.

തൊഴിച്ചലിലും ചപ്പാത്തിലും ‘ആയുര്‍ കേരള’ എന്ന പേരില്‍ സ്പാ നടത്തുന്ന സജിത്ത് കുമാര്‍ (47), ആവാടുതുറയിലെ ‘ഡ്രീംസ് സ്പാ’ ഉടമ നിഷാന്ത് (46) എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായ മറ്റ് പ്രധാനികള്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവര്‍ യാതൊരു മാനദണ്ഡവുമില്ലാതെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചും സ്പാകള്‍ നടത്തിയിരുന്നത്.

സെപ്റ്റംബര്‍ 21-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇളയമ്മ കോവളം പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ ഈ പരാതി അന്വേഷിച്ച പൊലീസിന് ഇളയമ്മയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രണ്ട് ആധാര്‍ കാര്‍ഡുകളുടെ കോപ്പികള്‍ ലഭിച്ചു. ഒരെണ്ണത്തില്‍ പെണ്‍കുട്ടിക്ക് 20 വയസ്സും മറ്റൊന്നില്‍ 16 വയസ്സുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ വൈരുധ്യമാണ് കേസില്‍ വഴിത്തിരിവായത്.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യാവലികളിലും അന്വേഷണത്തിലുമാണ് പെണ്‍കുട്ടിയെ ഇളയമ്മയും ഒപ്പം താമസിക്കുന്ന യുവാവും ചേര്‍ന്ന് വന്‍ തുക വാങ്ങി സ്പായിലേക്ക് വിറ്റതാണെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. തുടര്‍ന്ന് ആന്ധ്രപ്രദേശിലേക്ക് കടന്ന ഇളയമ്മയെയും പങ്കാളിയെയും പൊലീസ് സംഘം അവിടെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മസാജ് സെന്ററിന്റെ മറവില്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കാന്‍ വിട്ടുകൊടുത്തതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടാണ് നടന്നത്. ഈ പണത്തിന്റെ വിഹിതമാണ് ഇടനിലക്കാരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ സ്വന്തമാക്കിയത്. ലൈസന്‍സ് റദ്ദാക്കാതിരിക്കാനും പരിശോധനകള്‍ ഒഴിവാക്കാനും സ്പാ ഉടമകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി നല്‍കിയിരുന്നു.

കേസിലെ പ്രധാന കണ്ണിയായ അനുരൂപിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നവംബര്‍ രണ്ടിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അനുരൂപിനെയും മായയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ നഗരത്തിലെ മറ്റ് പല സ്പാ കേന്ദ്രങ്ങളുടെയും അനധികൃത ഇടപാടുകളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും ചില ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ‘ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാഫിയ’ സ്പാകളുടെ മറവില്‍ പെണ്‍വാണിഭവും അനധികൃത പണസമ്പാദനവും നടത്തുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ തലസ്ഥാനത്തുടനീളം വരും ദിവസങ്ങളില്‍ വ്യാപക പരിശോധന ഉണ്ടാകുമെന്നാണ് സൂചന.

നിയമത്തിന്റെ രക്ഷാകവചമാകേണ്ടവര്‍ തന്നെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ബിനാമി പേരില്‍ ഇത്തരം അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുകയും ചെയ്ത സംഭവം പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കെതിരെയും പോക്‌സോ അടക്കമുള്ള കര്‍ശന വകുപ്പുകള്‍ ചുമത്തി വിചാരണ നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *