Blog

സംസ്ഥാനത്ത് ജനം മാറ്റത്തിനായി വോട്ടു ചെയ്തുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. ജനാധിപത്യത്തിന്‍റെ വിജയമാണ് സംസ്ഥാനത്ത് കണ്ടത്, അല്ലാതെ യു‍ഡിഎഫിന്‍റെ മാത്രം നേട്ടമല്ലെന്നും അത് കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണകരമായെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ‘ചിലരൊക്കെ അവകാശപ്പെടുന്നുണ്ട് അവരുടെ വിജയമാണെന്ന് അങ്ങനെയൊന്നുമല്ല. ജനങ്ങള്‍ പൊറുതിമുട്ടി.ഒരു മാറ്റം വരാന്‍ വേണ്ടി ചെയ്ത വോട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും പ്രയോജനപ്പെട്ടു. പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകള്‍ തിരിച്ച് വോട്ടു ചെയ്യണമെങ്കില്‍ അതിന്‍റെ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും വിമതരുടെ ജയത്തിന് കാരണം’- സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

ആര് മുഖ്യമന്ത്രി ആയാലും എന്‍എസ്എസിന് കുഴപ്പമില്ലെന്നും കഴിവും പരിചയസമ്പത്തുമുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് പറയുന്നില്ലെന്നും കോണ്‍ഗ്രസാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വി.ഡി.സതീശന്‍റെ ചില നിലപാടുകളോട് ഇപ്പോഴും വിയോജിപ്പാണുള്ളതെന്നും എന്നാല്‍ തിരുത്തണമെന്ന് താന്‍ പറയില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാക്കണമോ എന്നത് കോണ്‍ഗ്രസിന്‍റെ കാര്യമാണ്. ആരെ തീരുമാനിച്ചാലും സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *