ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞവനല്ലേടാ എന്ന് ചോദിച്ച് ബൂട്ടിട്ട് ചവിട്ടി! വ്യാജ പരാതിയില്‍ കോന്നി പോലീസിന്റെ ക്രൂരമായ മൂന്നാംമുറ; നെഞ്ചുപൊട്ടി യുവാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍; ചെന്നിത്തലയെങ്കിലും ഈ ക്രൂരത ഗൗരവത്തില്‍ എടുക്കുമോ?.

പത്തനംതിട്ട: വ്യാജ പോക്‌സോ പരാതിയുടെ പേരില്‍ നിരപരാധിയായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച കോന്നി പോലീസിന്റെ നടുക്കുന്ന ക്രൂരത പുറത്ത്. താന്‍ അടുത്തിടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ ആളാണെന്നും ഉപദ്രവിക്കരുതെന്നും നെഞ്ചുപൊട്ടി കരഞ്ഞു പറഞ്ഞിട്ടും, ഒരൊറ്റ പോലീസുകാരന് പോലും ദയ തോന്നിയില്ല. സ്റ്റേഷനിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറക്കി, നേരെ പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് ഇടിമുറിയൊരുക്കുകയായിരുന്നു പിണറായിയുടെ ലക്കും ലഗാനുമില്ലാത്ത പോലീസ് പട!
മേയ് മൂന്നാം തീയതി രാത്രി എട്ടുമണിയോടെയാണ് ഒരു തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് എന്ന് പറഞ്ഞ് യുവാവിനെ വീട്ടില്‍ നിന്നും പോലീസ് പൊക്കുന്നത്. എന്നാല്‍ കൊണ്ടുപോയത് സ്റ്റേഷനിലേക്കല്ല, മറിച്ച് രഹസ്യ താവളം പോലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്കാണ്. അവിടെ വെച്ച് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് ക്രൂരമായ മൂന്നാംമുറയാണ് അരങ്ങേറിയത്.
നിലത്തിരുത്തി കാല് നീട്ടാന്‍ ആവശ്യപ്പെട്ട ശേഷം ചൂരല്‍ കൊണ്ട് മാറി മാറി അടിക്കുകയായിരുന്നു. അത് മാത്രമാണോ? ബൂട്ടിട്ട കാല്‍ കൊണ്ട് യുവാവിന്റെ കാലില്‍ ചവിട്ടി കറക്കുകയും മുടിയിലും ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്തു. തനിക്ക് ഈ കുട്ടിയെ അറിയില്ലെന്നും ഒരിടത്തും കൊണ്ടുപോയിട്ടില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഈ കാട്ടാളന്മാര്‍ ക്രൂരത തുടര്‍ന്നു. പെണ്‍കുട്ടിയുടെ സഹോദരി തന്റെ കൂടെ പഠിച്ചിരുന്ന പരിചയം മാത്രമാണ് തനിക്കുള്ളതെന്നും ഫോട്ടോ കണ്ടപ്പോള്‍ മാത്രമാണ് ഈ കുട്ടിയെ മനസ്സിലായതെന്നും യുവാവ് പറയുന്നു.
താന്‍ അടുത്തിടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ ആളാണെന്നും കൊല്ലരുതെന്നും യുവാവിന്റെ വീട്ടുകാരും പോലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പോലീസ് ഇതൊക്കെ പുച്ഛിച്ചു തള്ളുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് അവകാശപ്പെട്ടുവെങ്കിലും അതിന് ആവശ്യമായ യാതൊരു തെളിവുകളും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ രാത്രി മുഴുവന്‍ കസ്റ്റഡിയില്‍ വെച്ച് ഇഞ്ചിഞ്ചായി മര്‍ദ്ദിച്ച ശേഷം, പിറ്റേന്ന് വൈകിട്ട് ആറുമണിയോടെ യുവാവ് തികച്ചും നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് തന്നെ വിട്ടയക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ശരീരത്തിലാകെ പാടുകളുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.
രമേശ് ചെന്നിത്തലയെങ്കിലും ഗൗരവത്തില്‍ എടുക്കണം
സംസ്ഥാനത്ത് പോലീസ് രാജ് അഴിഞ്ഞാടുമ്പോള്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ വിഷയം അതീവ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. ഒരു ഹാര്‍ട്ട് പേഷ്യന്റിനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അടിയന്തരമായി കൊലപാതക ശ്രമത്തിന് കേസ്സെടുക്കണം. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിലിട്ട് തല്ലിച്ചതയ്ക്കുന്ന പോലീസിലെ ക്രിമിനലുകളെ പിടികൂടി ജയിലിലടയ്ക്കാന്‍ ചെന്നിത്തലയടക്കമുള്ള രാഷ്ട്രീയ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

