
കോട്ടയം:ആക്രി കച്ചവടത്തിന്റെ മറവിൽ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യവില്പന നടത്തിവന്ന ‘പവൻസ് കോരയെ’ ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.
ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജമദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വില്പനക്കായ് സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ മദ്യവുമായി ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ ടി. കുര്യനെ അറസ്റ്റ് ചെയ്തത്.
സമാനമായ കുറ്റത്തിന് മുമ്പും പ്രതിയെ എക്സൈസ് പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രിക്കടത്തിന്റെ മറവിൽ മദ്യം ഹോം ഡെലിവറി നടത്തി വരുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ കെ.വി., സുമോദ് കെ.എസ്., സിവിൽ എക്സൈസ് ഓഫീസർമാരായ വരുൺ എസ്. നായർ, രാഹുൽ നാരായണൻ എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി.

