
കൊല്ലം: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച കേസിൽ പ്രതി അശ്വതി അച്ചു പിടിയിൽ. കൊല്ലം ഒഴുകുപാറയ്ക്കൽ സ്വദേശിയായ ഇവരെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് ചടയമംഗലം പൊലീസ് പിടികൂടി. കേസിൽ അശ്വതി അച്ചുവിന്റെ മകൾ അമൃതയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ നിർദേശപ്രകാരമാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലീസിന് മൊഴി നൽകിയിരുന്നു.
അമ്മയെ ആക്രമിച്ച കേസിൽ ദിവസങ്ങളായി ഒളിവിലായിരുന്ന അശ്വതി അച്ചു, വിവാഹവാഗ്ദാനം നൽകി പണം തട്ടിയ കേസിലും ഹണി ട്രാപ്പ് കേസിലും പ്രതിയാണെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽനിന്ന് വിവാഹവാഗ്ദാനം നൽകി പലതവണയായി 40,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലും ഇവർ പ്രതിയാണ്.
പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ നിരവധിപേരെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെന്ന ആരോപണവും അശ്വതി അച്ചുവിനെതിരെ നേരത്തേ ഉയർന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റുകൾ നടത്തുകയും പിന്നീട് ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രീതിയെന്ന ആരോപണവുമുണ്ട്

