
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയ അധ്യാപകരെ പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. 2025 സെപ്റ്റംബർ ഒന്നിന് ശേഷം നിയമനം ലഭിച്ചവർക്കാണ് ഉത്തരവ് ബാധകമാകുക. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ സർവീസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇതിനെതിരായ പുനഃപരിശോധനാ ഹർജികളും കോടതി തള്ളിയിരുന്നു.
കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയ അധ്യാപകരെ മാതൃതസ്തികയിലേക്ക് തിരിച്ചയയ്ക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. സംസ്ഥാന സർക്കാർ നിഷ്കർഷിച്ച അധ്യാപക യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനായിരുന്നു ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി.

