Blog

കേരളത്തിന്‌ 70.

മൂന്നു ദേശങ്ങളുടെ അതിരുകൾ മാഞ്ഞ്, മലയാളത്തിന്റെ മധുരത്തിൽ ഒരു ജനത ഹൃദയം ചേർത്ത ദിനം. സഹ്യന്റെ പച്ചപ്പും അറബിക്കടലിന്റെ നീലിമയും പുഴകളുടെ കളകളാരവവും സാക്ഷിയാക്കി പിറന്ന കേരളത്തിന് ഇന്ന് ഏഴു പതിറ്റാണ്ടിന്റെ നിറവ്. ഭാഷ ഒരുമയുടെ പതാകയായും സംസ്കാരം ആത്മാവിന്റെ അടയാളമായും മാറിയ ആ ചരിത്രദിനത്തിന്റെ ഓർമയിൽ, അഭിമാനത്തിന്റെ ഏഴു തിരികൾ തെളിച്ച് മലയാളനാട് എഴുപതാം പിറന്നാൾ ആഘോഷിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലായാലും മലയാളി സ്വന്തം അധ്വാനവും കഴിവുംകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുന്നു. പ്രവാസലോകത്തും മാതൃനാടിന്റെ സംസ്കാരവും ഭാഷയും നെഞ്ചോടുചേർത്താണ് മലയാളി ജീവിക്കുന്നത്. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും ഒരേ മുറ്റത്ത് ആഘോഷിക്കുന്ന സൗഹാർദവും സഹവർത്തിത്വവുമാണ് കേരളത്തിന്റെ യഥാർഥ സമ്പത്ത്. എന്നാൽ വികസനത്തിന്റെ പുതിയ പാതകൾ തേടുമ്പോൾ പരിസ്ഥിതി സംരക്ഷണം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ജീവിതച്ചെലവ്, യുവാക്കളുടെ കുടിയേറ്റം തുടങ്ങിയ വെല്ലുവിളികൾക്കും നാട് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
ഏഴു പതിറ്റാണ്ടിന്റെ ചരിത്രം അഭിമാനത്തോടെ ഓർക്കുമ്പോൾ, കൂടുതൽ നീതിയുള്ളതും സമത്വപൂർണവും വികസിതവുമായ കേരളം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വം ഓരോ മലയാളിക്കുമുണ്ട്. മലയാളത്തെ നെഞ്ചോടുചേർത്ത്, നാടിന്റെ നന്മകൾ കാത്തുസൂക്ഷിച്ച്, പുതിയ പ്രതീക്ഷകളിലേക്ക് കൈകോർത്തുനീങ്ങാം. കേരളത്തിന് പിറന്നാൾ ആശംസകൾ!

Leave a Reply

Your email address will not be published. Required fields are marked *