കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ദുഃഖത്തോടയും ഹൃദയവേദനയോടെയുമാണ് അദ്ദേഹത്തിന്‍റെ നിര്യാണ വാർത്ത കേൾക്കുന്നത്.
വിദ്യാർഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതൽ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവർത്തകനായി മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും നല്ല ബന്ധം പുലർത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരി.ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു അദ്ദേഹം. പാർട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് സീതാറാം യെച്ചൂരിയുടെ വിയോഗം പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അത്. അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്‍റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഡല്‍ഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.