ഡോ വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍പ്രതി സന്ദീപ് കുറ്റക്കാരന്‍,വിധി 19ന്
കൊല്ലം.ഡോ.വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. വിധി 19ന് നടത്തും.
സംഭവം കഴിഞ്ഞ് 2 വർഷവും 10 മാസവും 7 ദിവസവും കഴിയുമ്പോഴാണ് വിധി വരുന്നത്.കേരളത്തിന്‍റെ മനസാക്ഷിക്ക് എക്കാലത്തേക്കുമേറ്റ മുറിവുകളിലൊന്നാണ് ഡോക്ടർ വന്ദന മോഹൻദാസിന്‍റെ മരണം. പ്രഫഷണൽ ജീവിതം ആരംഭിക്കാനിരിക്കുമ്പോഴാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്.
2023 മേയ് 10. സമയം പുലർച്ചെ 4.30. സ്ഥലം കൊട്ടാരക്കര താലൂക്ക് ആശുപത്രി. പൂയപ്പള്ളിയിൽ മദ്യലഹരിയിലായി കാലിന് മുറിവേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരാണ് പൊലീസിന്‍റെ സഹായം തേടിയത്. അക്രമാസക്തനായ സന്ദീപ് എന്ന സ്കൂൾ അധ്യാപകനെ പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുവന്നു. സന്ദീപിന്‍റെ അടുത്ത ബന്ധുവും ഒരു അയൽവാസിയും ഒപ്പമുണ്ടായിരുന്നു. വൈദ്യ പരിശോധന നടക്കുന്നതിനിടെ സന്ദീപ് അക്രമാസക്തനായി. സർജിക്കൽ കത്രികയെടുത്ത് ഭീഷണി മുഴക്കി. ആദ്യം പൊലീസുകാരനേയും പിന്നീട് ഒപ്പമുണ്ടായിരുന്നവരേയും ആക്രമിക്കാനോങ്ങി. എല്ലാവരും ഇറങ്ങിയോടി. സംഭവം അറിയാതെ പുറത്തിറങ്ങിയ ഡോ. വന്ദന സന്ദീപിന്‍റെ മുന്നിലാണ് വന്നുപെട്ടത്.


