Blog

കൊട്ടിയത്ത് ഓട്ടോയിൽ വച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസിന് മൊഴി നല്‍കിയ യുവാവ് മരിച്ചു

കൊട്ടിയം: കച്ചവടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ പേരില്‍ ആട്ടോയില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസിന് മൊഴി നല്‍കിയ യുവാവ് മരിച്ചു. ഉമയനല്ലൂര്‍ മാടച്ചിറ കോന്നന്‍ വിള വീട്ടില്‍ സുധീര്‍-ആമിന ദമ്പതികളുടെ മകന്‍ റിയാസ് (30) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റിയാസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊട്ടിയം പോലീസ് കേസ്സ് എടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ 26ന് രാത്രി ഏഴരയോടെ ഉമയനല്ലൂര്‍ മാടച്ചിറ വയലിനടുത്തായിരുന്നു സംഭവം. കൊല്ലത്തു നിന്നും ആട്ടോയില്‍ വീട്ടിലേക്ക് വരികയായിരുന്ന റിയാസിനെ മാടച്ചിറ വയലിന് സമീപം വച്ച് മാടച്ചിറ സ്വദേശികളായ ഷെഫീക്, തുഹൈല്‍ എന്നിവര്‍ ചേര്‍ന്ന് ആട്ടോ തടഞ്ഞ് നിര്‍ത്തിയ ശേഷം ആട്ടോയില്‍ വച്ച് മര്‍ദ്ദിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.
തീ കൊളുത്തുന്നത് കണ്ടില്ലെങ്കിലും ആട്ടോയില്‍ വച്ച് പിടിവലി നടന്നതായി ആട്ടോ ഡ്രൈവറും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിലായിരുന്നു രാത്രിയില്‍ ആട്ടോ കത്തിയതും റിയാസിനെ തീപൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടതും. സംഭവമറിഞ്ഞെത്തിയ പോലീസ് പരിസരത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശേഷം ഷെഫീക്ക്, തുഫൈല്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും വധശ്രമത്തിന് കേസ് എടുത്ത് റിമാന്റ് ചെയ്യുകയുമായിരുന്നു.
ഇവര്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. മത്സ്യം, ഇറച്ചി എന്നിവയുടെ കച്ചവടവുമായി ബന്ധപ്പെട്ട് 20,000 രൂപ റിയാസ് ഷെഫീക്കിന് നല്‍കാനുണ്ടായിരുന്നു. പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ തമിഴ്‌നാട്ടിലേക്ക് പോയ റിയാസ് തിരികെ വരുന്നതറിഞ്ഞാണ് പ്രതികള്‍ ആട്ടോ തടഞ്ഞ് ആക്രമണം നടത്തിയത്. പണം ആവശ്യപ്പെട്ട് പ്രതികള്‍ റിയാസിന്റെ വീട്ടില്‍ പല തവണ ചെന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നുണ്ട്.
റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സംഭവത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്..

Leave a Reply

Your email address will not be published. Required fields are marked *