സീരീയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്.ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായയാണ് പരാതി നല്‍കിയ നടി എന്ന തരത്തിലുള്ള വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ, ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചുകൊണ്ട് ഗൗരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എപ്പിസോഡുകളില്‍ എസ്പി ശ്രീകുമാറിന്റെ ഭാര്യാ കഥാപാത്രം അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനിടെ ഉപ്പും മുളകും താരങ്ങള്‍ക്കെതിരായ പരാതി വിവരങ്ങള്‍ പുറത്തുവന്നതോടെ വാർത്തകളില്‍ പരാമർശിക്കുന്ന നടി ഗൗരി ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് നടി തന്നെ രംഗത്തെത്തിരയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
“ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നു. കൂടാതെ എനിക്കെതിരെ ഒരുപാടു വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ ഒരു വ്യക്തത വരുത്തണം എന്നെനിക്ക് തോന്നി. ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പലരും എന്നോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് ഇപ്പോള്‍ ഉപ്പും മുളകില്‍ ഇല്ലാത്തത്, പല എപ്പിസോഡുകളിലും കണ്ടില്ലല്ലോ എന്നെല്ലാം. അതിന്റെ കാരണം വേറൊന്നുമല്ല, ഞാൻ ഒരു യാത്രയില്‍ ആയിരുന്നു. ഷിംലയില്‍ പോയിരുന്നു. ഞാൻ 20-ാം തീയതിയാണ് മടങ്ങിയെത്തിയത്. വന്ന ഉടൻ തന്നെ ഞാൻ സെറ്റില്‍ റിജോയിൻ ചെയ്യുകയും ചെയ്തു. ഇനി വരുന്ന എപ്പിസോഡുകളില്‍ ഞാൻ ഉറപ്പായും ഉണ്ടാകും. അവർ അത് ടെലികാസ്റ്റ് ചെയ്യുകയാണെങ്കില്‍ ഞാൻ ഉണ്ടാവും. പിന്നെ, വാർത്തകളില്‍ പറയുന്ന ആ നടി ഞാൻ അല്ല. അതുകൊണ്ട് അനാവശ്യമായ വിവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.” ഗൗരി ഉണ്ണിമായ വ്യക്തമാക്കി.
