ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ ദുരൂഹമരണത്തില്‍ അടിമുടി ദുരൂഹത. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കുടുംബത്തിന് വലിയ സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം കുട്ടിയുടെ അച്ഛന് അറിയില്ലായിരുന്നുവെന്നും സൂചനയുണ്ട്.
കുട്ടി അമ്മാവൻ്റെ മുറിയിലായിരുന്നു കിടന്നിരുന്നത് എന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. പുലർച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നതായും അമ്മയുടെ മൊഴിയിലുണ്ട്. കുട്ടിയെ കാണാതാകുന്നതിനു മുൻപ് ഇന്നലെ ഈ വീട്ടില്‍ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്. കൂടാതെ ഇതേ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുൻപ് പരാതിയും നല്‍കിയിരുന്നു. പിന്നീട് പരാതി പിൻവലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.
കുഞ്ഞിൻ്റെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. അമ്മയുടെ മൊഴികളിലെ സംശയകരമായ വൈരുധ്യങ്ങളെ തുടർന്നാണ് ഈ നീക്കം. അമ്മയുടെ സാമ്ബത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കും. വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ രണ്ടാം ഘട്ട മൊഴിയെടുപ്പും ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശവാസികളുടെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
ദേവേന്ദുവിൻ്റെ മുത്തച്ഛൻ മരിച്ച് 16 ദിവസം പിന്നിടുമ്ബോഴാണ് കുഞ്ഞിൻ്റെ ദുരൂഹ മരണം സംഭവിക്കുന്നത്. കുഞ്ഞ് കാല്‍ വഴുതി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ഇത് കൊലപാതകം തന്നെയാകാമെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അച്ഛൻ ശ്രീജിത്ത്, അമ്മ, മുത്തശ്ശി, അമ്മാവൻ ഹരികുമാർ എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
അമ്മയുടെ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


