തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് തുടങ്ങാൻ ഏതാനും മിനുട്ടുകൾ മാത്രം ബാക്കി
നിൽക്കെ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. മോപോളിംഗിലാണ്
തകരാറുകൾ കണ്ടെത്തിയത്. ചിലയിടങ്ങളിൽ തകരാറുകൾ കാരണം മോപോളിംഗും
വൈകി. വോട്ട് ചെയ്യാൻ മിക്കയിടങ്ങളിലും ആളുകൾ എത്തിത്തുടങ്ങി. അഞ്ചരയോടെ
ആണ് മോപോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളിൽ വിവിപാറ്റ് മെഷീനും ചിലയിടങ്ങളിൽ
വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ച് പ്രശ്നം
വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ
പ്രവർത്തിക്കാത്തതിനെതുടർന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻ
നടപടി തുടങ്ങി. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറ്
സംഭവിച്ചു. കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ
വോട്ടിംങ് മെഷീൻ തകരാറിൽ, മോപോൾ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പുതിയ
മെഷീൻ ഉടൻ എത്തിക്കും.
കോഴിക്കോട് നടക്കാവ് സ്കൂൾ 51, 53 ബൂത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ
തകരാറിലായി. മോക്ക് പോളിനിടെയാണ് തകരാറ് കണ്ടെത്തിയത്. മെഷീൻ മാറ്റുമെന്ന്
ഉദ്യോഗസ്ഥർ അറിയിച്ചു. തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്പർ
ബൂത്തിൽ വിവിപാറ്റിന് തകരാറ് കണ്ടെത്തി. ഇതേതുടർന്ന് മെഷീൻ മാറ്റാൻ നടപടി
തുടങ്ങി.