Blog

പത്തനംതിട്ട: യുവാവിനെ കെട്ടിത്തൂക്കിയിട്ട ശേഷം ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിൽ. ചരല്‍കുന്ന് സ്വദേശി ജയേഷ് ഭാര്യ ലക്ഷ്മി എന്നിവരാണ് പോലീസ് പിടിയിലായത്. പത്തനംതിട്ട കോഴഞ്ചേരി ചരല്‍കുന്നിലാണ് സംഭവം.
റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുകൊണ്ടുള്ള ക്രൂരത. ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാവിനെ മര്‍ദിച്ചത്. യുവാവിന്റെ പക്കല്‍ നിന്നും പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു.
പ്രതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയില്‍ മറ്റൊരാളെക്കൂടി ഇവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ തിരുവോണത്തിനാണ് രണ്ട് ജില്ലകളില്‍ നിന്നായുള്ള രണ്ട് യുവാക്കള്‍ക്ക് യുവ ദമ്പതികളില്‍ നിന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള യുവാവിന് പുറമെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിനും സമാന അനുഭവം നേരിട്ടിരുന്നു.
തിരുവോണ ദിവസം പത്തനംതിട്ട സ്വദേശിയായ യുവാവിനോട് മാരാമണ്‍ എന്ന സ്ഥലത്തേക്ക് എത്താന്‍ ജയേഷ് പറയുകയായിരുന്നു. അവിടെ നിന്നും ബൈക്കില്‍ ജയേഷ് യുവാവിനെ കൂട്ടി വീട്ടിലേക്ക് പോയി. പിന്നീട് ഈ വീട്ടില്‍ വച്ചായിരുന്നു ക്രൂര മര്‍ദനം. യുവാവിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണും 17,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയ്യാറായില്ല, എന്നാൽ പത്തനംതിട്ട സ്വദേശി ഉടൻ തന്നെ പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *