Blog

മുംബൈ: വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ച മാത്രം. 54കാരനായ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. ബുധനാഴ്ചയാണ് 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാധിക ഇംഗിൽ എന്ന യുവതിയാണ് അറസ്റ്റിലായത്. അനിൽ ലോഖണ്ഡെ എന്നയാളാണ് കൊല്ലപ്പെട്ടത്. 54കാരനുമായി ലൈംഗിക ബന്ധം പുലർത്താനുള്ള ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് യുവതി വിശദമാക്കുന്നത്. ലൈംഗിക ബന്ധത്തിന് താൽപര്യമില്ലെന്ന യുവതിയുടെ അഭിപ്രായം 54കാരൻ മാനിച്ചിരുന്നില്ലെന്നും യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് കൊലപാതകം. 54കാരന്റെ തലയ്ക്കാണ് മഴു കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. കൊലപാതകത്തിന് പിന്നാലെ യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചത്. ബന്ധുക്കൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൊലപാതക കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്യാൻസ‍ർ ബാധിച്ച് ആദ്യ ഭാര്യ മരിച്ചതിന് പിന്നാലെയാണ് 54കാരൻ 27കാരിയെ വിവാഹം ചെയ്തത്. ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളാണ് ഉള്ളത്. യുവതിയുടേത് ആദ്യ വിവാഹമാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു 27കാരിയും വയോധികയായ അമ്മയും.

ഗ‍ർഭിണിയാവില്ലെന്ന രോഗാവസ്ഥ യുവതിക്കുണ്ടെന്ന വിവരം അറിഞ്ഞ ശേഷമായിരുന്നു 54കാരനുമായുള്ള യുവതിയുടെ വിവാഹം. എന്നാൽ വിവാഹ ശേഷം ലൈംഗിക ബന്ധത്തിന് 27കാരി തയ്യാറായിരുന്നില്ല. മെയ് 17ന് വിവാഹം കഴിഞ്ഞ ഉടൻ തന്നെ 54കാരൻ ഭാര്യയോട് ലൈംഗിക ബന്ധത്തിന് ശ്രമിച്ചിരുന്നു. യുവതി പല വിധ ഒഴിവുകൾ നിരത്തിയെങ്കിലും ഭ‍ർത്താവ് കേൾക്കാൻ തയ്യാറായിരുന്നില്ല. ദിവസങ്ങളായി സമ്മർദ്ദം ഭർത്താവ് തുടർന്നതോടെയാണ് യുവതി കടും കൈ ചെയ്തതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെള്ളിയാഴ്ച യുവതിയെ കോടതിക്ക് മുന്നിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *