Blog

കേളത്തിലെ ക്രിക്കറ്റ് ആവേശങ്ങൾക്ക് ഇനി പുതിയൊരു തട്ടകം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിലാണ് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 16 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പത്തേക്കർ വരുന്ന ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തികൾ പൂർത്തികരിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതും.രാത്രി സമയങ്ങളിലും മത്സരങ്ങൾ നടത്താനായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിളെല്ലാം ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് നിർമ്മാണ കമ്പനി. പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്ലഡ് ലൈറ്റ് കോൺട്രാക്ടർ. ബി.സി.സി.ഐയുടെ ലൈറ്റിങ് കൺസൾട്ടന്റായ ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയിരിക്കുന്നത്.രണ്ടാംഘട്ട വികസന പരിപാടികളുടെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. രാത്രിയിലും ഏതു കാലാവസ്ഥയിലും തടസ്സമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം സംസ്ഥാനഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും നിർവഹിക്കും. കെ.സി.എ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത്‌ വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ​ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.​കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലപുരം മാതൃകയിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ വ്യക്തമാക്കി. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിനും പുതിയ ഗ്രൗണ്ടും അക്കാദമിയും ഇൻഡോർ സൗകര്യങ്ങളും വലിയ മുതല്കൂട്ടാകുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാറും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *