തമിഴ്‌നാട്ടിലെ വാൽപ്പാറയ്ക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപടകത്തിൽ മരണം ഒമ്പത് ആയി. മലപ്പുറം സ്വദേശികളായ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മലപ്പുറം ജില്ലയിൽ നിന്നും വാൽപ്പാറ സന്ദർശിക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ, വാൽപ്പാറയില13-ാം ഹെയർപിൻ ബെൻഡിന് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം ഏകദേശം 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് 9-ാം ഹെയർപിൻ ബെൻഡിന് സമീപമാണ് ചെന്നുനിന്നത്. പൂർണ്ണമായും തകർന്ന വാഹനത്തിലെ എട്ടുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഒമ്പതായി ഉയർന്നത്.

വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിലും പരിക്കേറ്റവരിലുമായി താഴെ പറയുന്നവർ ഉൾപ്പെടുന്നു
അജിത (54), റംല (52), സുക്കുറ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല (37), നൗഷാദ് (39), റുക്കിയ (39), ഹിഷാം (12), ഷക്കീൽ (11), മസ്‌നീൻ (10), ഡ്രൈവർ മുഹമ്മദ് ബാസിത്ത് (21).

