
തിരുവനന്തപുരം: കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവരില്‍നിന്ന് ബില്‍ തുകയ്ക്ക് പുറമെ 50 രൂപ അധികമായി ഈടാക്കുന്നതായി പരാതി. ജീവനക്കാര്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സഹിതമാണ് എക്‌സൈസ് മന്ത്രി എം. ലിജുവിന് പരാതി ലഭിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബെവ്കോ സി.എം.ഡിയോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടു.
പരാതി സംബന്ധിച്ച് ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം അന്വേഷണം നടത്തും. ഇതിനായി കൊല്ലം ജില്ലാ ഓഡിറ്റ് ടീം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നേരിട്ടെത്തി പരിശോധനയും തെളിവെടുപ്പും നടത്തും. ബെവ്കോ ആസ്ഥാനത്തെ ഓഡിറ്റ് സംഘം അന്വേഷണ നടപടികള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാണ് ഓഡിറ്റ് സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.

