Blog

ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ.

ശാസ്‌താംകോട്ട:വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവ എൻജിനിയറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.തിരുവനന്തപുരം പട്ടം 23 സെൻ്റ് മേരീസ് ലെയിനിൽ ബോബീനയാണ് (43) അറസ്റ്റിലായത്.

ഇവരുടെ ഭർത്താവും പട്ടം സെൻ്റ് മേരീസ് ഹൈസ്കൂൾ അധ്യാപകനുമായ മനോജ് എബ്രഹാം (52),എറണാകുളത്ത് സ്ഥിരം താമസക്കാരനായ കൊട്ടാരക്കര വിളക്കുടി സ്വദേശി പ്രദീപ് കുമാർ (60) എന്നിവർ ഒളിവിലാണ്. തേവലക്കര പട്ടകടവ് സ്വദേശി യാഷിം ആണ് തട്ടിപ്പിനിരയായത്.പ്രദീപ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള നോർത്ത് കണക്ടഡ് ഗ്ലോബൽ ട്രാവത്സ് എന്ന സ്ഥാപനം വഴിയാണ് വിസ തട്ടിപ്പ് നടത്തിയത്.ബോബിനയും മനോജ് എബ്രഹാമും ട്രാവത്സിൻ്റെ പാർട്ണർമാരായിരുന്നു.രണ്ട് വർഷം മുമ്പ് ഇലക്ട്രിക്കൽ എൻജിനിയറായ യാഷിമിന് ഉയർന്ന ശമ്പളത്തിൽ യു.കെയിൽ ജോലി വാഗ്ദാനം നൽകി ആദ്യം 3 ലക്ഷം രൂപ തട്ടിയെടുത്തു.ഇത് നടക്കാതെ വന്നപ്പോൾ കാനഡയിലേക്കും പിന്നീട് ആസ്ട്രേലിയയിലും ജോലി ശരിയാക്കാമെന്ന് പറഞ്ഞു.ഇതിനോടകം ബോബിനയുടെ അക്കൗണ്ടിലേക്ക് ഫെഡറൽ ബാങ്കിൻ്റെ കാരാളിമുക്ക് ശാഖ വഴി പല തവണയായി 9,25000 രൂപ കൈമാറിയിരുന്നു.6 മാസം മുമ്പ് വീണ്ടും സമീപിച്ചപ്പോൾ മൂവരും ചേർന്ന് നെതർലെൻഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയായതായി അറിയിക്കുകയും വ്യാജ എഗ്രിമെൻ്റ് കൈമാറുകയും ചെയ്തു.മാസങ്ങൾ കഴിഞ്ഞിട്ടും പോകാൻ കഴിയാതെ വന്നതോടെ യാഷീമിൻ്റെ ബന്ധുക്കൾ നടത്തിയ രഹസ്യാന്വേഷണത്തിലാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലാക്കുന്നത്.പ്രതികൾ മുമ്പും ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി സൂചനയുണ്ട്.തുടർന്ന് ശാസ്‌താംകോട്ട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തു നിന്നും ബോബിനയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *