
പെരുമ്പാവൂരിൽ ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി അതിജീവിതയായ 14കാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. അദിനാൻ എന്ന യുവാവാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. പ്രതിരോധിക്കുന്നതിനിടെ പെൺകുട്ടിയുടെ ഇരുകൈകൾക്കും ഗുരുതരമായി പരുക്കേറ്റു.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയെയും പ്രതി ആക്രമിച്ചു. ഇദ്ദേഹത്തിനും പരുക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയതോടെ സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ വിവരമറിഞ്ഞെത്തിയ പൊലീസ് തിരച്ചിൽ നടത്തിയാണ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച അദിനാനെ ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. ജാമ്യം റദ്ദാക്കുന്നതിനുള്ള അപേക്ഷയും സമർപ്പിക്കും. കൊലപാതകശ്രമം, വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രത്യേക കേസുകളും രജിസ്റ്റർ ചെയ്തേക്കും.
ഓഗസ്റ്റ് ആദ്യവാരമാണ് അദിനാൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ പരാതിയിൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയാണ് വീണ്ടും പെൺകുട്ടിയെ ആക്രമിച്ചത്.

