Blog

ലൈംഗിക അതിക്രമം

രക്തബന്ധം മറന്ന് കുട്ടികളുടെ മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം രണ്ടാം അച്ഛനായി കൂടെ താമസിച്ചുവന്ന് അതിജീവിതകളെ രണ്ടുവർഷക്കാലത്തിലധികം നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയും, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും, ദേഹോപദ്രവം ഏൽപ്പിച്ചും, മരണ ഭയപ്പെടുത്തിയും അതിക്രമം പ്രവർത്തിച്ച പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ ജയിലിൽ ജീവപര്യന്തം തടവും, 14 ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ശിക്ഷയും….

രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ പൂർത്തിയാക്കിയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി ആർ പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ഇരു കേസുകളിലും ശിക്ഷ വിധിച്ചത്.
പ്രതിയോടൊപ്പം താമസിക്കേണ്ടി വന്ന ബാല്യം സമാനതകളില്ലാത്ത ക്രൂരതകളാണ് സഹോദരങ്ങളായ അതിജീവിതകൾക്ക് കാലം കാത്തു വച്ചത്.
പ്രതിയുടെ മാതൃ സഹോദരി പുത്രിയുടെ കുട്ടികളാണ് അതിജീവിതകൾ. അതിജീവിതയുടെ മാതാവിൽ മറ്റൊരു കുഞ്ഞിന് ജന്മം നൽകിയ പ്രതി അതിജീവിതകളിൽ മുതിർന്ന കുട്ടി വയസ്സ് അറിയിച്ചത് മുതൽ ബോധപൂർവ്വം അവസരം സൃഷ്ടിച്ച് കുട്ടികളോട് ലൈംഗികാതിക്രമം പ്രവർത്തിക്കുകയും, നിർബന്ധിച്ച മദ്യം കഴിപ്പിക്കുകയും, ശാരീരിക ഉപദ്രവത്തിന് വിധേയ ആക്കുകയും, അസുഖാവസ്ഥയിൽ പോലും ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത ക്രൂരത പ്രവർത്തിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.
അച്ഛനും അമ്മയും തമ്മിൽ പിണക്കം ആയതിനെ തുടർന്നാണ് അതിജീവിതകളായ പെൺകുട്ടികളുടെ അമ്മ പ്രതിയുമൊത്ത് താമസിക്കേണ്ടി വന്നത്. പ്രതിയുമായി രക്തബന്ധമുള്ള ബന്ധുത്വം ഉണ്ടായിരുന്ന അമ്മയെയും കുട്ടികളെയും ദൂരസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് വാടക വീടുകളിൽ താമസിച്ച് വരവേയായിരുന്നു രണ്ടാനച്ഛൻ എന്ന നിലയിൽ കുട്ടികളുടെ മേൽ അധികാരവും നിയന്ത്രണവും ഉണ്ടായിരുന്ന പ്രതി ലൈംഗിക അതിക്രമം പ്രവർത്തിച്ചത്.
അതിജീവിതകളായ പെൺകുട്ടികളുടെ മാതാവിനൊപ്പം ഭർത്താവ് എന്ന നിലയിൽ താമസിച്ചു വന്ന ബന്ധുവായ ബിനു കുമാർ എന്ന 43 കാരനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിയുടെ അതിക്രമം ഭയന്ന് മുറിയുടെ വാതിൽ കുറ്റിയിട്ട് സുരക്ഷിതമാക്കുന്ന സമയത്ത് ബോധപൂർവ്വം കുറ്റിയിളക്കി കേടുവരുത്തി രാത്രിയിലും അല്ലാത്ത സമയത്തും കുട്ടികളോട് അതിക്രമം പ്രവർത്തിച്ച വന്ന ക്രൂരതയാണ് പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പ്രതിയുടെ അതിക്രമത്തിൽ വീട് വിട്ട് ഓടേണ്ടി വന്ന അതിജീവിതകളും മാതാവും അയൽ വീട്ടിൽ അഭയം തേടിയതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രതിയെ വീട് ഒഴിപ്പിച്ച സംഭവവും ഇതിനിടയിൽ ഉണ്ടായി. പ്രതിയുടെ ഭീഷണിക്ക് വഴങ്ങി ലൈംഗികാതിക്രമം പുറത്ത് പറയുവാൻ ഭയപ്പെട്ട കുട്ടികൾ വിഷം കഴിക്കേണ്ട സാഹചര്യവും ഉണ്ടായതായി മൊഴികളിലുണ്ട്. ഒടുവിൽ പ്രതിയുടെ അതിക്രമങ്ങളിൽ കൂടെ താമസിക്കുവാൻ കഴിയാത്ത കുട്ടികൾ മാതാവിനോട് ആവശ്യപ്പെട്ട് ബന്ധുവീട്ടിൽ അഭയം തേടുകയും, കുട്ടികളുടെ മൊഴിയിൽ ലൈംഗിക അതിക്രമം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
വിചാരണ വേളയിൽ കോടതിമുറിയിൽ പ്രതിയെ തിരിച്ചറിയേണ്ട സാഹചര്യത്തിൽ തങ്ങൾക്കിനി ഒരിക്കൽ കൂടി ആ മുഖം കാണേണ്ട എന്ന് കുട്ടികൾ ഭയത്തോടെ പറഞ്ഞ സാഹചര്യമുണ്ടായി.
കുടുംബബന്ധങ്ങൾക്കോ, രക്തബന്ധത്തിനോ, കുടുംബ ജീവിതത്തിന്റെ പവിത്രതയ്ക്കോ യാതൊരു പ്രാധാന്യവും വിലയും കൽപ്പിക്കാത്ത പ്രതി യാതൊരു ദയയ്ക്കും അർഹനല്ല എന്നതാണ് കഠിനമായ ശിക്ഷാവിധിയിലൂടെ കോടതി സമൂഹത്തിന് നൽകുന്ന സന്ദേശം.
പെൺകുട്ടികളിൽ മുതിർന്ന ആളെ അതിക്രമിച്ചത് സംബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 26 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ പ്രോസിക്യൂഷൻ ആസ്പദമാക്കുകയും ചെയ്തു.
ബന്ധുവും സംരക്ഷകനും എന്ന അധികാരമുള്ള പ്രതി അതിജീവിതയെ ബലാത്സംഗത്തിന് വിധേയ ആക്കി എന്നതിന് ഇന്ത്യൻ ശിക്ഷാനിയമം 376(2)(f), തുടർച്ചയായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്നതിന് 376 (2)(n), 16 വയസ്സിൽ താഴെയുള്ള സ്ത്രീയെ ബലാത്സംഗത്തിന് വിധേയയാക്കി എന്നതിന് 376(3), ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്നതിന് 354 (1)(i), (1)(ii), ദേഹോപദ്രവം ഏൽപ്പിച്ചതിന് 323, മരണ ഭയപ്പെടുത്തിയതിന് 506(i) വകുപ്പുകൾ പ്രകാരവും, മൈനറായ കുട്ടിയോട് അതിക്രമം പ്രവർത്തിച്ചതിനും, മദ്യം നൽകിയതിനും ബാലനീതി നിയമം 75,77 വകുപ്പുകൾ പ്രകാരവും, കുട്ടിയെ അന്തപ്രവേശ ലൈംഗികാക്രമണം നടത്തി എന്നതിന് പോക്സോ നിയമത്തിലെ 3 (a), (b), (c) വകുപ്പുകൾപ്രകാരവും, ബന്ധുവും സംരക്ഷകനും എന്ന അധികാരമുള്ള പ്രതി അതിജീവിതയെ തുടർച്ചയായി ബലാത്സംഗത്തിന് വിധേയയാക്കി എന്നതിന് 5(l), (n) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയത്.
രണ്ടാമത്തെ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയാക്കിയത് സംബന്ധിച്ച കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ആധാരമാക്കുകയും ചെയ്തു.
രണ്ടാമത്തെ കേസിൽ ഇന്ത്യൻ ശിക്ഷാനിയമം 376(2)(f), (n), 376(3), 354 (1)(i), (ii), 323,506(i) ബാലനീതി നിയമം 75,77 വകുപ്പുകൾ പ്രകാരവും, പോക്സോ നിയമത്തിലെ 3 (b), 5(l), (n) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയത്.
അച്ചൻകോവിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പ്രകാശ്, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ കുറ്റകൃത്യം സംഭവിച്ചത് പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ട് പള്ളിക്കൽ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ എം സഹില്‍ എഫ്ഐആർ റീരജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്. പി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസുകളിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *