
ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരന് മർദനം; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.
കൊല്ലത്ത് അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ മൂന്നര വയസ്സുകാരനെ ജീവനക്കാരി ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ കുളമാടിലുള്ള 98-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. കുട്ടിയുടെ കൈയിൽ അടിക്കുകയും ചെവിയിൽ ശക്തമായി നുള്ളുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ പരാതി.
സംഭവത്തെ തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും രക്ഷിതാക്കൾ ആരോപിച്ചു. ആരോപണവിധേയയായ അങ്കണവാടി ജീവനക്കാരിക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
കുട്ടിക്കേറ്റ പരിക്കുകളുടെ ചിത്രങ്ങൾ, ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി, പാരിപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ശിശുവികസന ഓഫീസർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികൾക്ക് സുരക്ഷയും പരിചരണവും ഉറപ്പാക്കേണ്ട അങ്കണവാടിയിൽ തന്നെ ഇത്തരമൊരു മർദനമുണ്ടായെന്ന ആരോപണം ഗൗരവത്തോടെയാണ് ബാലാവകാശ കമ്മീഷൻ പരിഗണിക്കുന്നത്.

