
കൊല്ലം കൊട്ടിയത്ത് ടാർ മിക്സിങ് പ്ലാന്റിൽ നിന്ന് പുക; 50 ലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം കൊട്ടിയത്ത് സ്കൂളിന് സമീപമുള്ള ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതായി സംശയിക്കുന്ന സാഹചര്യത്തിൽ അമ്പതിലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കൊട്ടിയം ഓക്സിലിയം ഐഎസ്‌സി സ്കൂളിലെ വിദ്യാർഥികളെയാണ് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 55 മുതൽ 60 വരെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
ശ്വാസംമുട്ടൽ, തലവേദന, ഛർദി, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകളാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. ചില വിദ്യാർഥികൾക്ക് ഓക്സിജൻ സഹായം ഉൾപ്പെടെയുള്ള ചികിത്സ നൽകി. എട്ട് ആംബുലൻസുകളുടെ സഹായത്തോടെയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുകയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക സംശയം. നേരത്തെയും ഇതേ സ്കൂളിലെ ഇരുപതിലേറെ വിദ്യാർഥികൾക്ക് സമാനമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചിരുന്നു.
എന്നാൽ കോടതി അനുമതിയെത്തുടർന്ന് രണ്ട് ദിവസം മുമ്പാണ് പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്ലാന്റിൽ നിന്നുള്ള പുക കാരണം സമീപവാസികളും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി പരാതിയുണ്ട്.
അതേസമയം, വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതുകൊണ്ടല്ലെന്നാണ് പ്ലാന്റുമായി ബന്ധപ്പെട്ടവരുടെ വാദം. സംഭവത്തിൽ പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന ആവശ്യമാണ്.

