മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു; അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം വേണം: ഫുട്ടേജ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ ശ്യാം.
നടി മഞ്ജു വാര്യർക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്ബി. ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണക്കമ്ബനിയുടെ പങ്കാളിയായ മഞ്ജു വാര്യർക്ക് നടി നോട്ടീസയച്ചത്.
ആവശ്യമായ സുരക്ഷ ലൊക്കേഷനില്‍ ഒരുക്കിയില്ലെന്നാണ് ശീതളിന്റെ പരാതിയില്‍ പറയുന്നത്. അഞ്ചേമുക്കാല്‍കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 മേയ് 20-നാണ് ശീതള്‍ തമ്ബി മൂവീ ബക്കറ്റിന്റെ ബാനറില്‍ നവാഗതനായ സൈജു ശ്രീധരൻ സംവിധാനംചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ജോയിൻ ചെയ്യുന്നത്. ചിമ്മിനി വനപ്രദേശത്ത് 19 ദിവസമായിരുന്നു ഷൂട്ട് പറഞ്ഞിരുന്നത്.
അഞ്ചടി ഉയരമുള്ള ഒരു പ്ലാറ്റ്ഫോമിന്റെ മുകളില്‍നിന്ന് നദിയിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിക്കേണ്ടിയിരുന്നു. ഈ ഭാഗത്ത് ഒരു ബെഡ് സജ്ജീകരിച്ചിരുന്നെങ്കിലും സൗകര്യപ്രദമായ ഉയരത്തിലായിരുന്നില്ല. ചിത്രീകരണത്തിന്റെ അവസാനദിവസമായ ജൂണ്‍ ഒൻപതിനായിരുന്നു ഈ രംഗമെടുത്തത്. തുടർച്ചയായി മൂന്നോ നാലോ തവണയാണ് ഈ രംഗം ഷൂട്ട് ചെയ്തത്.
ad 3
ആദ്യം കുറച്ച് ഷോട്ടുകളെടുത്തശേഷം ക്യാമറാമാനും ചീഫ് അസോസിയേറ്റും സംവിധായകനുമായി ചർച്ചചെയ്തശേഷം കൂടുതല്‍ പെർഫെക്ഷനുവേണ്ടി ഇതേരംഗം വീണ്ടും ചിത്രീകരിക്കണമെന്നാവശ്യപ്പെട്ടു. പ്രാഥമിക ഷോട്ടുകളെടുത്തപ്പോള്‍ത്തന്നെ തനിക്കുനേരിട്ട ബുദ്ധിമുട്ട് നടി സംഘട്ടനസംവിധായകനേയും സഹായികളേയും അറിയിച്ചിരുന്നു. തയ്യാറാക്കിയിരുന്ന ബെഡിലേക്ക് ചാടി വീഴുന്നത് അത്ര സൗകര്യപ്രദമായി തോന്നുന്നില്ലെന്നായിരുന്നു ശീതള്‍ പറഞ്ഞത്.
ad 5
എന്നാല്‍ സുരക്ഷ നോക്കാതെ ഈ രംഗത്തിന്റെ അവസാന ഷോട്ട് എടുത്തപ്പോള്‍ ശീതള്‍ ഭയപ്പെട്ടതുപോലെ ബെഡ് തെന്നിനീങ്ങുകയും അവരുടെ കാല്‍ ബെഡ് ഇട്ടിരുന്ന പാറയ്ക്കിടയില്‍ കുടുങ്ങി സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടൻ നടിയെ ക്രൂ അംഗങ്ങള്‍ കാല്‍ ശരിയാംവിധമാക്കാതെയാണ് ആ കാട്ടിലൂടെ പുറത്തെത്തിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ പ്രഥമ ശുശ്രൂഷാ സംവിധാനമോ അടിയന്തിര മെഡിക്കല്‍ സംവിധാനമോ ഒരുക്കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
കാട്ടിനുള്ളില്‍ സംഘട്ടനരംഗമെടുക്കുന്നത് റിസ്കാണെന്ന് ബോധ്യമുണ്ടായിട്ടും നിങ്ങളുടെ ടീം ആംബുലൻസ് ഏർപ്പാടാക്കിയില്ല. പ്രഥമ ശുശ്രൂഷാ സംവിധാനത്തിന്റെ അഭാവവും പരിക്കേറ്റയാളെ യുക്തിരഹിതമായ രീതിയില്‍ കാട്ടിലൂടെ പുറത്തെത്തിച്ചതും കാരണം ശീതളിന്റെ പരിക്ക് കൂടുതല്‍ വഷളാക്കി. ആദ്യം സമീപിച്ച രണ്ട് ആശുപത്രികളും ചികിത്സ നിഷേധിച്ചു. 2023 ജൂണ്‍ 10-നും 23-നും കാലിന് രണ്ട് സർജറികള്‍ നടത്തി. തുടർച്ചയായ ശസ്ത്രക്രിയകള്‍ നടിയുടെ കാലിന്റെ വേദന കൂട്ടുകയും അവരെ ട്രോമയിലേക്ക് തള്ളിവിടുകയുംചെയ്തു. സംഭവം നടന്ന് ഒരു വർഷമായിട്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവർക്കായിട്ടില്ല. സ്വയം നടക്കാനോ ദൈനംദിന കർമങ്ങള്‍ പോലും ചെയ്യാനോ സാധിക്കുന്നില്ല. ആശുപത്രി ബില്ലായ 8.13 ലക്ഷം രൂപ നിർമാണ കമ്ബനിയാണ് അടച്ചത്.
കാലില്‍ ആങ്കിള്‍ ബ്രേസ് എല്ലാ സമയത്തും ധരിക്കണം. ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വിധത്തില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു നേരം പോലും നിന്നുകൊണ്ടുള്ള ജോലികള്‍ ചെയ്യാൻ സാധിക്കുന്നില്ല. കാലിന് സമയാസമയങ്ങളില്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചലച്ചിത്ര നടിയാകാൻ ആഗ്രഹിച്ചിരുന്ന തനിക്ക് ഇന്ന് അത്തരമൊരു കരിയർ തന്നെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ്. ഇപ്പോള്‍ കാനഡയില്‍ ഇരുന്നു കൊണ്ടു ചെയ്യാവുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലി ചെയ്യുകയാണ് താൻ.
താൻ നേരിട്ട വിഷമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മഞ്ജു വാര്യർ ഉള്‍പ്പെടെ ഉറപ്പുതന്നിരുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിലും പങ്കെടുത്തിരുന്നെങ്കിലും തനിക്കുള്ള പണം നല്‍കുന്ന കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് എന്നും ശീതള്‍ പറയുന്നു. അതിനാല്‍ 30 ദിവസത്തിനുള്ളില്‍ 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് അഭിഭാഷകൻ വഴി അയച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
നായാട്ട്, തിരികെ, ഇരട്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ശീതള്‍ തമ്ബി. ഫൂട്ടേജ് എന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്തപ്പോഴാണ് പരാതിയുമായി അവർ രംഗത്തെത്തിയത്.