Blog

സിദ്ദിഖിനെതിരെ സുപ്രീകോടതിയില്‍ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍‍ഹിക്ക് അയക്കാനാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് എസ്പിമാർ പോകുന്നത്. സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

സർക്കാരിന് വേണ്ടി നിഷെ രാജൻ ശങ്കർ ആണ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറല്‍ രഞ്ജിത് കുമാറിന്റെ നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കും. വിധി പ്രതികൂലമായാല്‍ ഉടൻ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകർ മുഖേന നടൻ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോണ്‍ നമ്ബർ നിലവില്‍ സ്വിച്ച്‌ഡ് ഓഫ് ആണ്.

കൊച്ചിയില്‍ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. നഗരത്തില്‍ തന്നെ ആറിടങ്ങളില്‍ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന വിവരവും പൊലീസിനുണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യേണ്ട എന്ന ഉന്നതല നിർദേശത്തെ തുടർന്ന് പൊലീസ് കണ്ണടയ്ക്കുകയാണ് എന്ന വിമർശനവും ഉയരുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് താങ്ങള്‍ക്കെതിരെ ഉണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ഒരു കേസ് ആയിരുന്നു നടൻ സിദ്ദിഖിന് എതിരെ എത്തിയത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി പദവിയിലിരിക്കുമ്ബോഴാണ് താരത്തിനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ഇതോടെ താരം തന്നെ ആ പദവിയില്‍ നിന്നും രാജിവയ്ക്കുന്ന കാഴ്ചയും കേരളക്കര കണ്ടു. ഇതിന് പിന്നാലെ വലിയ കോളുകള്‍ സൃഷ്ടിച്ച കേസ് ആയിരുന്നു അത്.

ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടുകൂടി സിദ്ദിഖ് ഒളിവില്‍ പോവുകയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള നീക്കം തടയുന്നതിന് വേണ്ടി താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിദ്ദിഖിനെ തിരഞ്ഞുള്ള ലുക് ഔട്ട് നോട്ടിസ് മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പൊലീസ് നല്‍കിയിട്ടുണ്ട്. സിദ്ദിഖ് കേരളം വിട്ടുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. നടന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ച ശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടർ നടപടികളിലേക്കു പൊലീസ് കടക്കാനാണു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *