തിരുവനന്തപുരം: ബാറില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘം ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022-ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര്‍ ഉടമയ്ക്കെതിരേയും നടപടിയുണ്ടാകും..


