Blog

വയൽനടുവിൽ
രാത്രിവിസ്മയമായി
“ക്രിസ്തുമസ് പാപ്പ”

പുതുവത്സരത്തെയും ക്രിസ്തുമസിനെയും വരവേറ്റുകൊണ്ട് പിരപ്പമൺകാട് പാടശേഖര സൗഹൃദ സംഘം, വയൽ നടുവിൽ ക്രിസ്തുമസ് പാപ്പയുടെ പടുകൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചു . തറനിരപ്പിൽ നിന്നും 34 അടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ പടുകൂറ്റൻ രൂപവും , വയൽ നടുവിലെ ഏറുമാടവും ദീപപ്രഭയിൽ കുളിച്ച് നിൽക്കുന്ന കാഴ്ച കാണാൻ വൈകുന്നേരങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പഴയകാല കാർഷിക സംസ്കൃതി പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനായി പാടശേഖരത്തിൽ, ഞാറുനടീൽ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിക്കപ്പെട്ട ചേറ്റുത്സവം ആയിരക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. അതിനുശേഷം ഇവിടുത്തെ നാട്ടുകൂട്ടായ്മ ഏറ്റെടുത്ത സമാധാനത്തിന്റെയും നന്മയുടെയും ഈ ആഘോഷമൊരുക്കലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . കാർഷിക പ്രവർത്തനങ്ങളോടൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളും , ആഘോഷങ്ങളും കൂട്ടിയിണക്കുന്നതു കൊണ്ടാണ് ഓരോ തവണയും ഇവിടെ കൃഷി ജനകീയ ഉത്സവം ആകുന്നത്. വയലും, ഞാറു നടീലും, കാർഷിക പ്രവർത്തനങ്ങളും കാണുന്നതിന് കുട്ടികളുമായി എത്തുന്ന സ്കൂൾ ബസുകൾ ഇവിടുത്തെ പതിവ് കാഴ്ചയായിരിക്കുന്നു. ക്രിസ്തുമസ് പാപ്പയുടെ വരവോടുകൂടി ഇവിടെയെത്തുന്ന കുട്ടികളുടെയും ടൂറിസ്റ്റുകളുടെയും എണ്ണം ദിവസേന വർദ്ധിക്കുകയാണ്. എന്നാൽ,പാടശേഖര നടുവിലെ റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതും , ടൂറിസ്റ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതും അതിവേഗം വളരുന്ന ഇവിടത്തെ കാർഷിക ടൂറിസം സാധ്യതകൾക്ക് വെല്ലുവിളിയാണ് .
അധികാരികളുടെ ഭാഗത്തുനിന്ന് ഈ വിഷയങ്ങളിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകണമെന്ന് പാടശേഖരസമിതിയും സൗഹൃദ സംഘവും അധികാരികളോട് ആവശ്യപ്പെടുന്നു .

Leave a Reply

Your email address will not be published. Required fields are marked *