വർക്കല ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ
വർക്കല. ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ. ഇടവ വെൺകുളം സ്വദേശി ജാഷ് മോൻ, വർക്കല ജനാർദ്ദനപുരം സ്വദേശി വിഷ്ണു,
മണമ്പൂർ തൊട്ടിക്കല്ല് സ്വദേശി നന്ദുരാജ് എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 11നാണ് സംഭവം. കാപ്പിൽ ബീച്ചിൽ എത്തിയ രണ്ടുപേരെയാണ് ഇവർ ആക്രമിച്ചത്.
യുവാക്കളെ വഴിയിൽ തടഞ്ഞ് മർദ്ദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു യുവാക്കളെ ക്രൂരമായി മർദ്ദിച്ച്,വസ്ത്രങ്ങൾ അഴിച്ചു വാങ്ങി സമീപത്തുള്ള കായലിൽ വലിച്ചെറിയുകയും ചെയ്തു. യുവാക്കളെ വിവസ്ത്രരാക്കിയ ശേഷം അക്രമിസംഘം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.
യുവാക്കളിൽ നിന്ന് 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 7500 രൂപ വില വരുന്ന ഹെൽമറ്റ്, 3000 രൂപ വിലവരുന്ന ഷൂസ് , 1400 രൂപയും മറ്റു രേഖകളുമടങ്ങിയ പേഴ്സ്, എന്നിവയാണ് അക്രമികൾ കൈയ്ക്കലാക്കിയത്.
യുവാക്കളുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.