പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ പൂര്‍ണ ഗര്‍ഭിണി മരണപ്പെട്ടു. തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്റുത്ത് ഖൈസിസിനെതിരെ പൊലീസ് കേസെടുത്തു. പൂണെയിലെ ദീനാനന്ത് മങ്കേശ്വര്‍ ആശുപത്രിയിലാണ് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്.
ഡോക്ടര്‍ ആവശ്യപ്പെട്ട തുക പെട്ടെന്നു തന്നെ കെട്ടിവയ്ക്കാന്‍ ഗര്‍ഭിണിയുടെ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെ അഞ്ചു മണിക്കൂറോളം വൈകിയാണ് ചികിത്സ ലഭ്യമാക്കിയത്. ഗര്‍ഭിണിയുടെ സ്ഥിതി വഷളായതോടെ ബന്ധുക്കള്‍ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് യുവതി ജന്മം നല്‍കി. രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ജനിച്ചത്. അമിത രക്തസ്രാവം മൂലം പ്രസവം കഴിഞ്ഞതിനു പിന്നാലെ അവര്‍ മരണപ്പെട്ടു.
യുവതി പ്രസവിച്ച സസ്സൂണ്‍ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള വിശദറിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. സംഭവം അതീവ ഗൗരവമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
