സിസേറിയന് ശേഷം ജനനേന്ദ്രിയത്തിലൂടെ മലം വിസർജിക്കുക..
അതിന് ശേഷം വിസർജനത്തിന് വേണ്ടി വയറിന് സൈഡിൽ സ്റ്റോമ ബാഗ് വെക്കുന്നു..
തുടർന്നും ജനനേന്ദ്രിയത്തിലൂടെ മലം വിസർജ്ജിക്കുന്നു…
തുടർന്ന് വീണ്ടും വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുന്നു…
ഇതിനിടയിൽ വയറിലാകെ പഴുപ്പ് ബാധിക്കുന്നു..
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ 23 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിക്ക് ആശുപത്രി അധികൃതരുടെ പിടിപ്പുകേട് മൂലം 6 മാസത്തിനിടയിൽ 5 സർജറികളാണ് വേണ്ടിവന്നത്. എന്നിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ഇനിയും രണ്ടെണ്ണം കൂടി വേണമെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷമുണ്ടായ പൊന്നോമനയെ ഒന്ന് എടുക്കാനോ, പാലൂട്ടാനോ കഴിയാതെ ഈ പെൺകുട്ടി നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 6 മാസമായി മാനസികമായും ശാരീരികമായും ഭീകരവേദന തിന്ന് ജീവിക്കുകയാണ്.
മലവിസർജനത്തിന് വയറിന് സൈഡിൽ ഒരു ഹോൾ ഇട്ട്, അവിടെ ഒരു ബാഗ് വെച്ച് വിസർജിക്കുന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്ന കാര്യമാണോ?? അങ്ങിനെ ഒരു സാഹചര്യത്തിൽ രോഗിയും രോഗിയുടെ പരിചാരകരും കടന്ന് പോകുന്ന ഇമോഷണൽ ട്രോമ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ അമ്മയുടെ അനുഭവത്തിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്.
ഇതൊക്കെ പറയുമ്പോൾ ആരോഗ്യവകുപ്പ് പറയും “ഒറ്റപ്പെട്ട സംഭവമാണ്”. റിപ്പോർട്ട് കെട്ടുകൾക്ക് മുകളിൽ ആരോഗ്യമന്ത്രി അടയിരുന്നത് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കപ്പെടില്ല. സർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥകൊണ്ട് മനുഷ്യരുടെ ആയുസും ആരോഗ്യവുമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരന്റെ ജീവൻ വെച്ച് കളി.
യൂത്ത് കോൺഗ്രസ് നെടുമങ്ങാട് അസംബ്ലി കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.


