Blog

ചെറുമകളോട് ലൈംഗിക അതിക്രമം

മകളുടെ മകളോട് ലൈംഗിക അതിക്രമം. പ്രതിയായ 72 വയസ്സുകാരന് 20 വർഷം കഠിന തടവും നാലുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
2019 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാൻ എത്തി കൂടെ താമസിച്ചു വന്ന ദിവസമാണ് മാതാവിനൊപ്പം താമസിച്ച് വന്നിരുന്ന അതിജീവിതയെ പ്രതി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്. വല്ലാതെ ഭയന്ന് പെൺകുട്ടി സംഭവം ആരോടും പറയാതെ മറച്ചുവച്ചു.
പിന്നീട് വീട്ടിൽ പറയാതെ സ്ഥിരമായി കൂട്ടുകാരിയുടെ വീട്ടിൽ പോയി തുടങ്ങിയ സമയം അതിജീവിതയെ മാതാവ് കൗൺസിലിങ്ങിന് ഹാജരാക്കിയ ശേഷം മഹിളാമന്ദിരത്തിൽ താമസിപ്പിച്ച് വരവേയാണ് മുൻപ് നേരിട്ട ലൈംഗിക അതിക്രമം സംബന്ധിച്ച് അതിജീവിത വെളിപ്പെടുത്തിയത്.
പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ച കേസിന്റെ കൃത്യസ്ഥലം മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു മംഗലാപുരം പോലീസ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഹാജരാക്കിയ കേസിൽ ആണ് ശങ്കരൻ മകൻ സതീശൻ എന്നയാളെ കുറ്റക്കാരനെന്ന് കണ്ട് ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി. ആർ പ്രതിക്ക് ശിക്ഷ വിധിച്ച് ഉത്തരവായത്.
കേസിനെ തുടർന്ന് അറസ്റ്റിലായ പ്രതി വിചാരണ തടവുകാരനായി ജയിലിൽ തുടരവെയാണ് കോടതി സാക്ഷി വിസ്താരം നടത്തി വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബലാത്സംഗ കുറ്റം, പോക്സോ നിയമപ്രകാരമുള്ള കഠിനതരമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കണ്ട കോടതി, പ്രതി 20 വർഷം കഠിനതടവ് ശിക്ഷയായി അനുഭവിക്കണമെന്നും, 4 ലക്ഷം രൂപ പിഴത്തുകയായി കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു. പിഴ തുക കെട്ടിവെക്കുന്ന സാഹചര്യത്തിൽ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ പ്രതി എട്ട് മാസം കഠിനതടവ് അധികമായി അനുഭവിക്കണം. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഇളവ് ഉണ്ടാകുമെന്നും ഉത്തരവുണ്ട്.ലീഗൽ സർവീസ് അതോറിറ്റി മുഖേന അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും, ആയതിലേക്ക്നടപടിയും കോടതി നിർദ്ദേശിച്ചു.
പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും, 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. മംഗലാപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന സജീഷ് എച്ച്എൽ ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹ്സിൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *