Crime

ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ സംഭവം; പ്രതിയായ ഭാര്യാ സഹോദരനെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയാൻ സഹായിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

കോട്ടയം: ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതിയായ ഭാര്യാ സഹോദരനെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിപ്പിച്ച പൊലീസുകാരൻ അരുൺ ബാബുവിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസ് സസ്പെൻ്റു ചെയ്തു.

തിരുവല്ല മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് അരുൺ ബാബുവിൻ്റെ ഭാര്യാ സഹോദരൻ
പ്രിനു നഗ‌്‌നദൃശ്യങ്ങൾ പകർത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുടെ നഗ്‌ന ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്.

ഇതിനായി അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പെൻ ക്യാമറയാണ് പ്രിനു ഉപയോഗിച്ചിരുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 16–ാം തീയതി ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒളിക്യാമറ ശുചിമുറിയിലേക്കു വീഴുകയായിരുന്നു. വീട്ടുകാർ പെൻക്യാമറയിലെ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയിരുന്ന കാര്യം പുറത്തായത്.

സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ സഹോദരിയും പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവും ചേർന്നാണ് രക്ഷപ്പെടാൻ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

പിടിക്കപ്പെട്ടതിനു പിന്നാലെ പഴനിയിലേക്കു പോയെന്നാണു പ്രിനു നൽകിയ മൊഴി. പിന്നീട് മലമ്പുഴയ്ക്ക് അടുത്ത് ആനക്കല്ലിൽ കുറച്ചുകാലം ഒളിവിൽ കഴിഞ്ഞു. പിന്നീട് ഫെബ്രുവരി നാലു മുതൽ സഹോദരിക്കും സഹോദരീ ഭർത്താവിനുമൊപ്പം ചങ്ങനാശേരിയിലുള്ള ഇവരുടെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇവിടെ നിന്നുമാണ് പ്രിനുവിനെ തിരുവല്ലാ പൊലീസ് പിടികൂടിയത്. ഇതേ തുടർന്നാണ് പ്രതിയുടെ ഭാര്യാ സഹോദരൻ കൂടിയായ അരുൺ ബാബുവിനെ സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *