Blog

പാലക്കാട്: പാലക്കാട് നഗര മധ്യത്തിൽ 46 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്‍ അറസ്റ്റിൽ. 46 കാരിയെ അതിക്രൂരമായാണ് സുബ്ബയ്യൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സുബ്ബയ്യൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ ശരീരത്തിൽ 80 പരിക്കുകൾ ഉണ്ടായിരുന്നതായി എ എസ് പി രാജേഷ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെഞ്ചത്തും ചുണ്ടിലും രഹസ്യഭാഗത്തും പരിക്കുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് പ്രതി യുവതിയെ കൊന്നത് എന്നാണ് നിഗമനമെന്നും ഭാര്യ എന്ന് പറഞ്ഞാണ് പ്രതി യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്നും എ എസ് പി കൂട്ടിച്ചേര്‍ത്തു.

പാലക്കാട്‌ സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് 46 കാരി നേരിട്ടത് അതിക്രൂര പീഡനമാണ്. വാരിയെല്ലിന് പൊട്ടലും നട്ടെല്ലിനു ക്ഷതവുമേറ്റു. ശബ്ദം ഉണ്ടാക്കാതിരിക്കാൻ ശ്വാസം മുട്ടിച്ചു. യുവതിയെ ചവിട്ടുകയും ഇടിക്കുകയുo ചെയ്തു. പീഡനത്തിനുശേഷം മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ പ്രതി രക്ഷകൻ ചമഞ്ഞു യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി എത്തിച്ചത്. പക്ഷേ ആശുപത്രിയിൽ നിരീക്ഷണത്തിനായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ എ വിജുവിന് സംശയം തോന്നി. നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതിക്കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് സുബ്ബയ്യൻ. 2023 ൽ ഭാര്യയെ ഗാർഹിക പീഡനത്തിന് ഇരയാക്കിയതിന് സുബ്ബയ്യനെതിരെ മീനാക്ഷിപ്പുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ സർക്കാർ ആശുപത്രി തല്ലി തകർത്ത കേസിലും ഇയാൾ പ്രതിയാണ്. ആക്രി പെറുക്കിയാണ് സുബ്ബയ്യൻ ജീവിക്കുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്ന യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കണ്ട ദൃക്സാക്ഷികളുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. പാലക്കാട് എഎസ്പി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *