Blog

പിരപ്പമൺകാട് പൂനുള്ളൽ

വയൽ വീണ്ടെടുക്കൽ, വയൽ കൃഷിയെ ലാഭകരവും ജനകീയവും ആക്കൽ , കൃഷിയിലൂടെ ജാതിമത രാഷ്ട്രീയാതീതമായ സൗഹൃദ കൂട്ടായ്മ രൂപീകരിക്കൽ , കൃഷിയെ സർഗാത്മക പ്രവർത്തനമാക്കി പരിവർത്തിപ്പിക്കൽ, വയൽ ടൂറിസം സാധ്യതകളുടെ വളർച്ച ഒരുക്കൽ , പുതുതലമുറയെയും പള്ളിക്കൂടങ്ങളെയും പാടത്തെത്തിക്കൽ എന്നിങ്ങനെ എണ്ണമറ്റ പ്രവർത്തനങ്ങളിലൂടെ നാടിന്റെ തന്നെ മേൽവിലാസം ആയി മാറിയ പിരപ്പമൺകാട് പാടശേഖരം , പുഷ്പ കൃഷിയിലേക്ക് കൂടി ഇക്കൊല്ലം കടക്കുകയാണ്. പാടശേഖരക്കരയിൽ, മാമം നദിയിലെ നൂറ്റാണ്ട് പഴക്കമുള്ള കല്ലണയുടെ ഓരത്ത് ഒന്നര ഏക്കറിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. തരിശു രഹിത കൃഷിയിടങ്ങൾ എന്ന സർക്കാരിന്റെ ആശയം മുൻനിർത്തിയാണ് 20 വർഷത്തോളം തരിശുകിടന്ന പുരയിടം വെട്ടിതെളിച്ച് പുഷ്പ കൃഷി ആരംഭിച്ചത് . തരിശുനിലത്തിൽ കൃഷി ചെയ്തത് കൊണ്ട് തന്നെ ഉണ്ടായ ശക്തമായ രോഗബാധയും തുടർച്ചയായി ഉണ്ടായ മഴയും ചെടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു എങ്കിലും കൃഷിഭവന്റെയും കാർഷിക യൂണിവേഴ്സിറ്റി പാത്തോളജിസ്റ്റിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് കർഷകർ പൊരുതി നിന്നു, ചെടികൾ വീണ്ടെടുത്തു. ജനകീയ കൂട്ടായ്മയിലൂടെയുള്ള കൃഷി മൂലധനം സ്വരൂപിക്കലും സന്നദ്ധ പ്രവർത്തനമായുള്ള കായികാധ്വാനവും പുഷ്പ കൃഷിയിലും വേറിട്ട മാതൃക ഒരുക്കാൻ കാർഷിക കൂട്ടായ്മയ്ക്ക് കഴിഞ്ഞു. പാടശേഖരത്തിനും പുഴയ്ക്കും -പുഴയിലെ കല്ലണയ്ക്കും ഇടയിലായുള്ള ചെണ്ടുമല്ലി പാടം ഓഗസ്റ്റ് 25 മുതൽ സന്ദർശകർക്ക് പ്രവേശത്തിന് തുറന്നു കൊടുക്കുകയാണ് .

ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പായ പൂനുള്ളലിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ചിറയിൻകീഴ് എംഎൽഎ വി ശശി നിർവഹിച്ചു. പൂവിന്റെ ആദ്യ വിപണന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ സബ് കമ്മിറ്റി ജോയിൻ കൺവീനർ ജയകുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു . മുദാക്കൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തുമ്മൂട് മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ പി നന്ദുരാജ് വാർഡ് മെമ്പർ ടി ബിജു സിഡിഎസ് ചെയർപേഴ്സൺ പ്രേമലത ,ഉപദേശക സമിതി അംഗങ്ങളായ ബി രാജീവ്, വിജു കോരാണി,പിരപ്പമൺ കാട് സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ , ട്രഷറർ വിനോദ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ അനിൽകുമാർ , പാടശേഖരസമിതി സെക്രട്ടറി അൻഫർ, വൈസ് പ്രസിഡന്റ് കുമാർ , ജോയിൻ സെക്രട്ടറി ഗിരീശൻ ചെണ്ടുമല്ലി കമ്മിറ്റി കൺവീനർ ബിജു എസ് നായർ ജോയിൻ കൺവീനർ ലില്ലി കുമാരി എന്നിവർ യോഗത്തിൽ സംസാരിച്ചു. ചെണ്ടുമല്ലി പാടത്തെ പൂക്കൾ മുടങ്ങാതെ വിപണിയിൽ എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതിന് പുറമേ ഓണനാളിൽ വിപുലമായ പുഷ്പ വിപണനവും കൊയ്ത്ത് ഉത്സവത്തോടനുബന്ധിച്ച് പുഷ്പോത്സവവും സംഘടിപ്പിക്കാൻ സമിതി പാടശേഖര സമിതി സൗഹൃദ സംഘം പിരപ്പമൺകാട് കൂട്ടായ്മ ആലോചിക്കുന്നു. വനിതാ ശാക്തീകരണത്തിന്റെ ഇടമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ട പ്രവർത്തനമായും പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് ഉണർവായും ചെണ്ടുമല്ലി പാടം മാറുന്നതിന്റെ ആവേശത്തിലാണ് ചെണ്ടുമല്ലി കൃഷിയുടെ മുഖ്യ സംഘാടകരായ സൗഹൃദ സംഘം .

Leave a Reply

Your email address will not be published. Required fields are marked *