Blog

ന്യൂഡൽഹി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയർന്ന നിരക്കും നടപ്പിലാക്കുകയാണ്.
പുതിയ ഭേദഗതി നടപ്പാക്കുമ്പോൾ പായ്ക്കു ചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാർ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച്‌ നല്‍കിയാല്‍ മതിയാകും. ഇലക്‌ട്രോണിക്സ്, കണ്‍സ്യൂമർ ഉത്പന്നങ്ങളുടെയും വിലയില്‍ വലിയ അന്തരമുണ്ടാകും. ഉയർന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാർക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഉണ്ടാവുക.
ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാർനിർമ്മാണ കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണ്ണമായി കൈമാറാൻ തയ്യാറായിട്ടുണ്ട്. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ വില്‍പ്പനയ്ക്കെത്തിയ ഉത്പന്നങ്ങളില്‍ പരിഷ്കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സർക്കാർ നിർദ്ദേശം നല്‍കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുൻനിർത്തി ഇതില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ലൈഫ്- ആരോഗ്യ- ജനറല്‍ ഇൻഷുറൻസ് പോളിസികള്‍, 33 ജീവൻ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കി. ഇന്ത്യൻ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും. ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ഇന്ത്യൻ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീർ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചു. ലിറ്ററിന് 15 രൂപയായിരുന്നത് 14 രൂപയായാണ് കുറച്ചത്. അര ലിറ്ററിന് 10 രൂപയില്‍ നിന്ന് ഒൻപതു രൂപയാകും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന ഐആർസിടിസി/റെയില്‍വേയുടെ പട്ടികയിലുള്ള മറ്റ് ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിനും ഈ വിലക്കുറവ് ബാധകമായിരിക്കും.

വില കുറയുന്നവ
വെണ്ണ, നെയ്യ്, പാലുത്പന്നങ്ങള്‍, ഷാമ്പൂ, ഹെയർ ഓയില്‍, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കല്‍ ഡയപ്പർ, വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷുറൻസ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, മാർബിള്‍, ഗ്രാനേറ്റ്, സിമന്റ് കൂടാതെ കൃഷി, ചികിത്സ, വസ്ത്ര മേഖലയിലും ചെലവില്‍ വലിയ ആശ്വാസമുണ്ടാകും.

വില കൂടുന്നവ

പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്‌ട്രിക് വാഹനങ്ങള്‍ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കാർബണേറ്റ് പാനീയങ്ങള്‍, മധുരം ചേർത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങള്‍.

  ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന് സംസ്ഥാനത്തും വിജ്ഞാപനമായി. വില കുറയുന്നോ എന്ന് നിരീക്ഷിക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പിന് സർക്കാരും നിർദ്ദേശം നല്‍കി. ഇതനുസരിച്ച്‌ പല ഉത്പന്നങ്ങളുടേയും നിലവിലെ വിലയും നികുതി കുറയുമ്പോഴുള്ള വിലയും സംബന്ധിച്ച കണക്കുകൂട്ടലുകള്‍ വകുപ്പ് നടത്തിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *