Blog

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു.

പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. ഹർത്താലിന് ശേഷം യുഡിഎഫ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.

ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. മർദിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.

തലസ്ഥാനത്ത് ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷമുണ്ടായി. പിന്നാലെ ലാത്തിചാർജ്. കൊല്ലത്തും രാത്രി ഏറെ വൈകി പ്രവർത്തകർ പ്രകടനും ഉപരോധങ്ങളും നടത്തി. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ ഹൈവെ ഉപരോധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ആലപ്പുഴയിൽ രാത്രി പത്തോളം പ്രവർത്തകർ പ്രതിഷേധവുമായി ദേശീയ പാതയിലേക്കെത്തി. കളർകോട് ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ആലപ്പുഴ ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. സമരം ഒരു മണിക്കൂറോളം നീണ്ടു. പ്രവർത്തകരെ പോലിസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

എറണാകുളം നഗരത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പെരുമ്പാവൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. തൊടുപുഴയിലും പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി. തൃശ്ശൂരിൽ പ്രവ‍ത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നത്. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *