Blog

ദുർമന്ത്രവാദത്തിന്റെ പേരിൽ ക്രൂര പീഡനം നേരിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. കോട്ടയം സ്വദേശിയായ യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ നടന്നത്. ശരീരത്തിൽ ബാധയുണ്ടെന്ന് പറഞ്ഞ് പങ്കാളിയുടെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. മണിക്കൂറുകളോളം നീണ്ട പൂജയ്ക്കിടെ ബലമായി ബീഡി വലിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. ഭസ്മം തീറ്റിക്കുകയും ബീഡികൊണ്ട് നെറ്റി പൊള്ളിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

പ്രാര്‍ഥിച്ച് സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിന് പിന്നാലെ കാലില്‍ പട്ടുകൊണ്ട് നീളത്തില്‍ കെട്ടി. 11 മണിയോടെ പൂജ തുടങ്ങിയെന്നും യുവതി പറയുന്നു. ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റിയെന്നും യുവതി പറയുന്നു.
പത്തുമണിക്കൂറോളം നീണ്ട പൂജകള്‍ക്കിടെ ബോധം മറയുന്നത് വരെ മദ്യം കുടിപ്പിച്ചുവെന്നും യുവതി ഓര്‍ത്തെടുത്തു. താന്‍ മദ്യപിച്ചുവെന്നും ബീഡി വലിച്ചുവെന്നുമാണ് ഭര്‍ത്താവിന്‍റെ അമ്മയും പെങ്ങളും പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ബീഡി വലിച്ചതായി ഓര്‍മയില്ലെന്നും എന്നാല്‍ നെറ്റിയിലടക്കം പൊള്ളലേറ്റ പാടുകളുണ്ടെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ പൂജാസമയത്ത് ഉണ്ടായിരുന്നു. ഭര്‍ത്താവിന് സ്വന്തം വീട്ടുകാരുടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നതായി കരുതുന്നില്ലെന്നും യുവതി പറഞ്ഞു. മന്ത്രവാദത്തിന്‍റെയും പൂജയുടെയും ദൃശ്യങ്ങള്‍ ഭര്‍ത്താവിന്‍റെ സഹോദരി മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ താന്‍ തന്‍റെ സഹോദരിക്കും പൊലീസിനും കൈമാറിയെന്നും യുവതി വ്യക്തമാക്കുന്നു. അതേസമയം, വിവാഹം ഇപ്പോള്‍ നടത്തരുതെന്ന് പൂജാരി പറഞ്ഞതിനാല്‍ തന്‍റെ വിവാഹം കുടുംബം നടത്തിയില്ലെന്നും ദോഷം മാറാന്‍ കാത്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

പൂജ നടത്തി മൂന്നാം ദിവസം തന്‍റെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ ഭയന്നു പോയി. മൂന്ന്ദിവസത്തിനുള്ളില്‍ ഫോണ്‍ കോള്‍ വരുമെന്ന് പൂജാരി തന്നോട് പറഞ്ഞിരുന്നുവെന്നും അമ്മയ്ക്ക് സുഖമില്ലെന്ന് വീട്ടില്‍ നിന്നും വിളിച്ച് പറഞ്ഞതോടെ താന്‍ ഭയന്നുവെന്നും തുടര്‍ന്നാണ് സഹോദരിയെ കണ്ട് വിവരം പറഞ്ഞതെന്നും യുവതി പറയുന്നു. സംഭവത്തിൽ പത്തനംതിട്ട സ്വദേശി ശിവദാസ്, യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസ്, പിതാവ് ദാസ് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഖില്‍ദാസിനെ പ്രണയിച്ച യുവതി ഒപ്പം ജീവിക്കുന്നതിനായി ഇറങ്ങിപ്പോരുകയായിരുന്നു. ഇങ്ങനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയുന്നതിനിടെയാണ് ദുരാത്മാക്കളെ ഒഴിപ്പിക്കാന്‍ ഭര്‍തൃമാതാവിന്‍റെ നിര്‍ദേശ പ്രകാരം മന്ത്രവാദം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *