Blog

: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
തൃശ്ശൂർ: 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ പത്ത് മണിക്ക് തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി എസ് ശിവൻകുട്ടി അധ്യക്ഷനാകും. ഇന്നു മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 15000ത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരം നടക്കുക.രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻഎസ്‌കെ ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശ്ശൂർ പൂരത്തിന്റെ പ്രൗഢിവിളിച്ചോതുന്ന പാണ്ടി മേളവും 64കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും നടക്കും. 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തെ സൂചിപ്പിച്ചാണ് 64 കുട്ടികൾ അണിനിരക്കുക. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതത്തിന്റെ അവതരണം നടക്കും. ബി കെ ഹരിനാരായണനാണ് കലോത്സവ സ്വാഗത ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലോത്സവ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഒരുക്കിയിട്ടുള്ളത്.

ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യമായ ‘ഉത്തരവാദിത്വ കലോത്സവം’ സംബന്ധിച്ച് ഉദ്ഘാടനവേദിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വിശദീകരിക്കും. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലവറയിൽ ഭക്ഷണവിഭവങ്ങളൊരുക്കുന്നത്. 25വേദികളിലും ആംബുലൻസ്, കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിന് ചുറ്റുമായി 20 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. വേദികളിലും താമസ കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണമുണ്ടാകും..

Leave a Reply

Your email address will not be published. Required fields are marked *