കൊച്ചി: മകൾക്ക് കൊറിയൻ സുഹൃത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ആ പേരിൽ മകളെ ആരോ കബളിപ്പിച്ചതാണെന്നും ചോറ്റാനിക്കരയിൽ മരിച്ച 16 കാരിയുടെ അച്ഛൻ മഹേഷ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്ന് മഹേഷ് പറഞ്ഞു. ആരൊക്കയോ എന്തൊക്കയോ ഒളിക്കുന്നുണ്ട്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താവാം മരണമെന്നും അച്ഛൻ പറഞ്ഞു.
കൊറിയൻ ഭാഷ പഠിക്കാൻ മകൾ ആഗ്രഹിച്ചിരുന്നു. മകളുടെ താല്പര്യം അറിഞ്ഞു കുട്ടികളോ മുതിർന്നവരോ ആരോ പറ്റിച്ചതാണ്. മകളുടെ സുഹൃത്തുക്കൾ കൂടുതൽ വിവരങ്ങൾ പറഞ്ഞിട്ടില്ല. കൊറിയയിൽ പോയി ജോലി ചെയ്യണമെന്ന് മകൾ പറഞ്ഞിരുന്നു. മകൾ സ്കൂളിൽ ഫോൺ കൊണ്ട് പോയത് തങ്ങളുടെ അറിവോടെയാണ്. ഒരിക്കൽ വീണ് പരിക്ക് പറ്റിയപ്പോൾ സുരക്ഷയ്ക്കായി കൊടുത്തു വിട്ടതാണ്. കൊറിയയിൽ നിന്നെന്ന പേരിൽ ഒരു സമ്മാനം ഒരിക്കൽ വീട്ടിൽ കൊണ്ടു വന്നിരുന്നു. ആരോ പറ്റിച്ചതാണ് എന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നുവെന്നും സത്യം പുറത്ത് വരണമെന്നും അച്ഛൻ മഹേഷ് പറഞ്ഞു..


