കണ്ണൂർ: വീടിന് മുന്നിൽ റീത്ത് കണ്ട സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ വി എസ് അനിൽകുമാർ. ഇത്തരം പ്രവൃത്തികൾ ഇരുട്ടിന്റെ മറവിൽ രണ്ടു കൂട്ടരാണ് ചെയ്യുകയെന്നും ഭീരുക്കളും കള്ളൻമാരുമാണെന്നും വി എസ് അനിൽകുമാർ പറഞ്ഞു. ഭീരുത്വം നിറഞ്ഞ പരിപാടിയാണിത്. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ വിമർശനാത്മകമായ കമന്റുകൾ ഉണ്ടായിരുന്നുവെന്നും വി എസ് അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണമെന്നാണ് പരാതിയിലെ ആവശ്യമെന്നും അനിൽകുമാർ പറഞ്ഞു.
ഫോണിലോ മറ്റോ ഭീഷണികൾ ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്കെതിരെ വിമർശിക്കാറുണ്ട്. പയ്യന്നൂരിലെ കണക്ക് അവതരിപ്പിച്ചാൽ കണക്കിൽ തെറ്റുണ്ട്. അതിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയാണ് പരിപാടിക്ക് പോയത്. എപ്പോഴും എതിർത്ത് കൊണ്ടിരിക്കുകയെന്ന നയമൊന്നും തനിക്കില്ല. റീത്ത് വെച്ചത് കൊണ്ട് ഭയപ്പെടുന്നില്ല. ഇതിന്റെ പിറകിൽ ആരാണെന്ന് ഊഹിക്കാൻ ഞാനില്ല. അത് ജനാധിപത്യപരമായ രീതിയല്ല.
പരസ്പരം പറയാനുള്ളതും കേൾക്കാനുള്ളതും ചെയ്യുകയെന്നതാണ് ജനാധിപത്യം. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ജനാധിപത്യം പരിക്കുകൾ പറ്റി കിടക്കുകയാണ്. വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി വേണം. ഇതിന് മുമ്പ് കുഞ്ഞികൃഷ്ണനെ പരിചയമില്ല. അദ്ദേഹം അടിയുറച്ച പ്രവർത്തകനാണ്. പാർട്ടിയിൽ അഞ്ചുവർഷക്കാലം പറഞ്ഞിട്ടും മറുപടിയില്ലാത്തത് കൊണ്ടാണ് പുറത്ത് പറഞ്ഞതെന്ന് വി കുഞ്ഞികൃഷ്ണൻ പറയുന്നുണ്ട്. കണക്കുകളിൽ പൊരുത്തക്കേടുണ്ട്. കുഞ്ഞികൃഷ്ണൻ ഓഡിറ്ററായിരുന്നു. ഇതിന് മറുപടി വേണമെന്നും അനിൽ കുമാർ പറഞ്ഞു..


