ദുബായ്: അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ് അന്തരിച്ചത്. ഞായറാഴ്ച രാത്രി വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, താമസസ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഫവാസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ദുബായ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പ്രിയപ്പെട്ടവരെ കാണാൻ നാട്ടിലേക്ക് തിരിക്കാനിരിക്കെ ഉണ്ടായ ഈ വേർപാട് പ്രവാസി സമൂഹത്തെയും ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഇബ്രാഹിം-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്തുൽ സാദിയ. മകൻ: മുഹമ്മദ് ഫെസിൻ. സഹോദരങ്ങൾ: ഫൈസൽ, ഫായിസ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ദുബായിൽ പുരോഗമിച്ചുവരികയാണ്.


