Blog

പൊലീസുകാരനെ ഇടിച്ച്‌ തെറിപ്പിച്ച കാറില്‍ യുവതിയും

എറണാകുളം നഗരത്തിലെ വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച്‌ കടന്ന കാറില്‍ മദ്യപിച്ച്‌ ലക്കുകെട്ട യുവതിയും ഉണ്ടായിരുന്നതായി സൂചന.

കാറും അതിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കൊല്ലത്തു നിന്ന് കൊച്ചി പൊലീസ് പിടികൂടി. യുവതി ഒളിവിലാണ്.

കൊല്ലം ചവറ പയ്യല്‍ക്കാവ് അമ്പലത്തി ബംഗ്ലാവ് വീട്ടില്‍ ഇർഷാദ് (27), കൊല്ലം പന്മന മിടാപ്പള്ളി കോട്ടയില്‍ വീട്ടില്‍ ഷംനാദ് (23) എന്നിവരെയാണ് ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയാണ് പിടിയിലാകാനുള്ളത്. മൂവരും അമിതമായി മദ്യപിച്ചിരുന്നതിനാലാണ് വെട്ടിച്ച്‌ കടന്നുകളയാൻ ശ്രമിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി കടത്തടക്കം സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി കൊച്ചില്‍ എത്തിച്ച പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ ടെമ്പിള്‍ റോഡിലായിരുന്നു അതിക്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ എൻ.പി. സന്തോഷാണ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് തെറുച്ചു വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞ ശേഷം സഡൻ ബ്രേക്കിട്ട് വെട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ് ദേഹമാകെ പരിക്കേറ്റ സന്തോഷ് ആശുപത്രിയില്‍ ചികിത്സ തേടി.

ലഹരിവ്യാപനം തടയാൻ ലക്ഷ്യമിട്ട് കൊച്ചിയില്‍ രാത്രികാല പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു. നോർത്ത് സ്റ്റേഷനിലെ എസ്.ഐ പ്രമോദ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർ പ്രദീപ്, സി.പി.ഒ മണികണ്ഠൻ എന്നിവർക്കൊപ്പം ഡ്രൈവറായ സന്തോഷും വാഹന പരിശോധന നടത്തുന്നതിനിടെ എല്‍.എഫ്.സി റോഡില്‍ നിന്നാണ് അമിതവേഗത്തില്‍ കാറെത്തിയത്. വാഹനം നിറുത്താൻ ഇലക്‌ട്രിക് ലാമ്പ് ഉപയോഗിച്ച്‌ ആവശ്യപ്പെട്ടു. വേഗം കുറച്ച്‌ നിറുത്തുകയാണെന്ന് തോന്നിപ്പിച്ച ശേഷം കാർ അതിവേഗത്തില്‍ മുന്നോട്ടെടുക്കുകയായിരുന്നു. കാറുമായ കടന്ന യുവാക്കള്‍ യുവതിയെ സുരക്ഷിത കേന്ദ്രത്തിലാക്കി കൊല്ലത്തേക്ക് മുങ്ങി. കൊലപാതകശ്രമം, അലക്ഷ്യമായി വാഹനമോടിക്കല്‍, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *