Blog

ജില്ലയിൽ ശക്തമായ മഴയും പ്രക്ഷുബ്ധമായ കടൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ മൽസ്യത്തൊഴിലാളികളെയും ദുരന്തപ്രതിരോധത്തിനു സജ്ജരാക്കുംവിധം നടപടികൾ പരിഷ്കരിക്കുമെന്നു ജില്ലാ കലക്ടർ ആനി ജൂല തോമസ്. ജില്ലയിലെ തീരപ്രദേശങ്ങളിലെ സുരക്ഷാവിലയിരുത്താൻ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷതവഹിക്കവേ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുമെന്നും അറിയിച്ചു.

ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാൻ താഴെത്തട്ടു വരെ വ്യാപിക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കും. മൽസ്യത്തൊഴിലാളി സംഘടനകൾക്ക് സബ്സിഡിയിലൂടെ കൂടുതൽ ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കുന്നതിനാണ് ശ്രമം. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ സുരക്ഷാ നിധി പ്രയോജനപെടുത്തും; കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾ അവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മൽസ്യബന്ധനയാനങ്ങളുടെയും തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ നിർബന്ധമാക്കും; നിലവിലുള്ള രജിസ്‌ട്രേഷൻ അപേക്ഷകൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. ജില്ലയിലെ വാട്ടർ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിന് സർക്കാർ ഏർപ്പാടാക്കിയ ബോട്ടുകളും പരിശോധിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടർനടപടികൾ സ്വീകരിക്കും. ജില്ലയിലെ മൽസ്യബന്ധന ഹാർബറുകളിലെ വികസന പ്രവർത്തികളും അനുബന്ധമായി നടപ്പിലാക്കും. മറൈൻ ആംബുലൻസ് ലഭ്യമാക്കും. മുങ്ങൽവിദഗ്ധരുടെ സേവനം ഉറപ്പാക്കും. ഇൻഷുറൻസ്, ക്ഷേമനിധി ബോർഡുകളുടെ അംഗത്വം പുതുക്കൽ നടപടികൾ എന്നിവയെപറ്റിയും മത്സ്യത്തൊഴിലാളികളെ ബോധവൽക്കരിക്കും. സർക്കാർ സംവിധാനങ്ങൾ നൽകുന്ന സുരക്ഷാമുൻകരുതലുകളും ദുരന്തസാധ്യത മുന്നറിയിപ്പുകളും പാലിച്ച് മത്സ്യത്തൊഴിലാളികൾ മുന്നോട്ടുപോകണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
ഡെപ്യൂട്ടി മേയർ ഡോ ഉദയാ സുകുമാരൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, എ ഡി എം എസ് സജീദ്, സബ് കലക്ടർ അഖിൽ വി മേനോൻ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *