Blog

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; ‘കുടുംബകാര്യങ്ങള്‍’ ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎം നേതൃത്വത്തിന് മുന്നില്‍.

തിങ്കളാഴ്ച ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അപ്രതീക്ഷിതമായ ഈ നീക്കം ചര്‍ച്ചയായത്.

ചില ‘കുടുംബപരമായ കാരണങ്ങളാല്‍’ വീണാ ജോര്‍ജിനെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് ജോര്‍ജ് ജോസഫ് പാര്‍ട്ടി നേതാക്കളെ അറിയിച്ചു.

യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഈ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വീണ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും.

മുന്‍ ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി കൂടിയായ ജോര്‍ജ് ജോസഫ്, ഏരിയ ജില്ലാ തലങ്ങളിലെ പ്രമുഖ നേതാക്കളോട് ഫോണ്‍ വഴിയും നേരിട്ടുമാണ് ഈ ആവശ്യം ഉന്നയിച്ചത്.

ആറന്മുള സിറ്റിങ് എംഎല്‍എയായ വീണയെ തന്നെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നേരത്തെയുള്ള തീരുമാനം.

ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ പട്ടികയിലും വീണയുടെ പേര് മാത്രമാണുണ്ടായിരുന്നത്.

ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ആവശ്യം പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാന്‍ വീണാ ജോര്‍ജിനോടും ഭര്‍ത്താവിനോടും പാര്‍ട്ടി നേതൃത്വം സംസാരിക്കും.

സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാകും പാര്‍ട്ടി തുടര്‍നടപടികള്‍ സ്വീകരിക്കുക.

നിലവില്‍ കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് കൊടുമണ്ണിലെ വീട്ടില്‍ വിശ്രമത്തിലാണ്.

2016ല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ വീണ, ആറന്മുളയില്‍ നിന്ന് രണ്ടുതവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്..

Leave a Reply

Your email address will not be published. Required fields are marked *