ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര പറയുമ്പോൾ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി അനിൽ (29) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഇന്നലെ പുലർച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിൽ ദുബായിലേക്കു പോകാൻ ഞായറാഴ്ച രാത്രി വീട്ടിൽനിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയർ കണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്‌നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു.
