Blog

കരിക്ക്’ ടീം ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ ആരംഭിച്ചു.

കരിക്ക്’ ടീം ബിഗ് സ്ക്രീനിലേക്ക്. വെബ് സീരീസിലൂടെ തരംഗമായ ‘കരിക്ക്’ ടീം ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ ആരംഭിച്ചു.

ഡോ. അനന്തുവും നിഖില്‍ പ്രസാദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖില്‍ പ്രസാദ് തന്നെയാണ്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്.

ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്. 2018-ല്‍ ആണ് നിഖില്‍ പ്രസാദ് ‘കരിക്ക്’ എന്ന പേരില്‍ യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. ‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും.

ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോണ്‍, ജീവൻ സ്റ്റീഫൻ, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കള്‍.

ഡോ അനന്തു പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. ബേസില്‍ ജോസഫിന്റെ ആദ്യ നിർമാണ സംരംഭമായ ‘അതിരടി’യുടെ സഹനിർമാതാവാണ് ഡോ അനന്തു പ്രൊഡക്ഷൻസ്. ടൊവീനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മള്‍ട്ടിസ്റ്റാർ ചിത്രം ഈ വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. അരുണ്‍ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം മലയാളികള്‍ക്ക് പ്രിയപ്പെട്ട കരിക്ക് കഥാപാത്രങ്ങളെ ബിഗ് സ്ക്രീനില്‍ കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *