Blog

കൊല്ലം. അണയാന്‍ തുടങ്ങിയ ഒരു രാഷ്ട്രീയകക്ഷിയെ പ്രോജ്വലിപ്പിച്ച് വിജയത്തിലേക്ക് എത്തിച്ചതിന്‍റെ കഥയും അതിനായി കേട്ട പഴികളും ചുമന്ന സങ്കടങ്ങളും ആര്‍എസ്പി എന്ന പാര്‍ട്ടിക്ക് നെടുംതൂണായി നിന്ന എന്‍കെ പ്രേമചന്ദ്രന്‍ സമൂഹമാധ്യമപോസ്റ്റിലൂടെ കുറിക്കുന്നു.

34 വർഷത്തെ LDF ബന്ധം ഉപേക്ഷിച്ച് RSP കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുന്നു.

CPI(M) ദീർഘകാലമായി മുന്നണി രാഷ്ട്രീയത്തിൽ പുലർത്തിവന്ന അപ്രമാദിത്വ മനോഭാവത്തിലും ഏകപക്ഷീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് അത്തരമൊരു തീരുമാനമെടുക്കാൻ RSP നിർബന്ധിതമായത്.

മുന്നണി യോഗം ചേരുകയോ, ഉഭയകക്ഷി ചർച്ച നടത്തുകയോ ചെയ്യാതെ RSP അവകാശവാദം ഉന്നയിച്ച കൊല്ലം സീറ്റിൽ CPI(M) ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി കടന്നത്.

LDF-ൽ നിന്ന് പുറത്തുവന്ന RSP-യെ പിന്തുണക്കാൻ കോൺഗ്രസും UDF-ഉം തയ്യാറാകുന്നു. ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ RSP, UDF-ന്റെ ഭാഗമാകുന്നു… ലോക്സഭാ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ച് 37,649 വോട്ടിന് വിജയിക്കുന്നു. തുടർന്ന് 2016-ലും 2021-ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ RSP-യ്ക്ക് നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതെ പോയി.

പിന്നീടുണ്ടായ വിമർശനങ്ങൾ ചെറുതല്ലായിരുന്നു.“ഒരു ലോക്സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം തകർത്തു… “
“രാഷ്ട്രീയ അന്തസ്സ് പണയം വച്ചു….”

“ആശുപത്രിയുടെയോ,കൃഷി ഭവന്റെയോ ഉപദേശകസമിതിയിൽ പോലും പാർട്ടി പ്രതിനിധികൾക്ക് പ്രാതിനിധ്യമില്ല…”നിർണായകഘട്ടത്തിൽ പാർട്ടിഐകകണ്ഠേന എടുത്ത തീരുമാനത്തിന്റെ ഫലമായി ഉണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെ മുഴുവൻ പാപഭാരവും ഒരാളിൽ മാത്രം ചുമത്തപ്പെട്ടു….

“അന്നുണ്ടായ രാഷ്രീയതീരുമാനം വ്യക്തിഗത സ്വാർത്ഥതയായി ചിത്രീകരിക്കപ്പെട്ടു…”

ഒരു ദശാബ്ദക്കാലം എടുത്തു… സത്യം അതിന്റെ വഴി കണ്ടെത്താൻ.

ഈ തിരഞ്ഞെടുപ്പിൽ RSP നേടിയ മുന്നേറ്റം ഒരു സാധാരണ വിജയമല്ല… അന്നത്തെ തീരുമാനത്തിന്റെ യഥാർത്ഥ അർത്ഥം തുറന്ന് കാട്ടിയ നിമിഷമാണ്. തെറ്റായി വിലയിരുത്തപ്പെട്ട, വ്യാഖ്യാനിച്ച ഒരു നിലപാടിന്റെ സത്യം ഇന്ന് തെളിഞ്ഞിരിക്കുന്നു…

കാലം കാത്തുവച്ച കാവ്യനീതി… ഇന്ന് ചരിത്രമായി…

മത്സരിച്ച 5 സീറ്റുകളിൽ 4 എണ്ണത്തിലും (സ്വതന്ത്രൻ ഉൾപ്പടെ) വിജയക്കൊടി പാറിച്ച ദിവസം. സംസ്ഥാന പാർട്ടി എന്ന അംഗീകാരവും ചിഹ്നവും സംരക്ഷിച്ചു നിർത്തിയ ഒരു ലോക്സഭാ സീറ്റും.

നമ്മുടെ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ തിരിച്ചുവരവിൽ, ആ വഴിയിലൂടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ആശ്വാസവും
ഈ അവസരത്തിൽ പങ്കു വക്കുന്നു .

ഇത് ഒരു വിജയം മാത്രമല്ല. ഒരു നിലപാടിന്റെ നീതീകരണം. പഴയകാല പ്രതാപത്തിലേക്ക് ഒരു പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിന്റെ തുടക്കം.അതിനായി കൂടുതൽ കരുത്തോടെ നമുക്ക് മുന്നേറാം… എന്നാണ് പ്രേമചന്ദ്രന്‍റഎ കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *