Blog

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച്‌ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ജവഹർലാല്‍ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ദൈവനാമത്തിലായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ.എന്‍. ആനന്ദ്, ആദവ് അര്‍ജുന, കെ.ജി. അരുണ്‍രാജ്, കെ.എ. സെങ്കോട്ടയ്യന്‍, പി. വെങ്കിട്ടരമണന്‍, ആര്‍. നിര്‍മല്‍ കുമാര്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന എന്നീ മന്ത്രിമാരും വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.തൃഷയും ചടങ്ങിന് എത്തിയിരുന്നു. മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്‌നാട് ബിജെപി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ അടക്കമുള്ളവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്, കേവല ഭൂരിപക്ഷത്തിന് പത്തു സീറ്റുകള്‍ മാത്രം അകലെയായിരുന്നു. കോണ്‍ഗ്രസിന്റേയും ഇടതുപാര്‍ട്ടികളുടേയും പിന്തുണ നേരത്തെ തന്നെ ടിവികെ ഉറപ്പാക്കി. ഇതോടെ കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ രണ്ട് സീറ്റുകള്‍ കൂടിയായിരുന്നു ടിവികെയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 5 ദിനങ്ങള്‍ വേണ്ടിവന്നു ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118 എന്ന മാജിക് നമ്പറിലേക്കെത്താന്‍. നിര്‍ണായക വേളയില്‍ നിരുപാധിക പിന്തുണയുമായി വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) എത്തിയതോടെ ടിവികെ കേവല ഭൂരിപക്ഷം ഉറപ്പിച്ചു. വിസികെ പിന്തുണക്ക് പിന്നാലെ മുസ്ലിം ലീഗും ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി. വിസികെയുടേയും മുസ്ലിം ലീഗിന്റെയും രണ്ട് വീതം സീറ്റ് കൂടി ലഭിച്ചതോടെ കേവലഭൂരിപക്ഷമായ 118 എന്ന മാജിക് നമ്പറും കടന്ന് ടിവികെ 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *