Blog

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാടകീയ നീക്കങ്ങൾ.

ഒമ്പതാം പ്രതി ഹരീഷ് കുമാറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിൽ നേരിട്ട് കക്ഷി ചേരാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചു. ഇതുസംബന്ധിച്ച ഹർജി ഇഡി ഉടൻ കോടതിയിൽ സമർപ്പിക്കും. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ്.

അതേസമയം, കോടതിയിൽ പ്രതിക്ക് അനുകൂലമായ നിലപാടെടുത്ത പ്രോസിക്യൂഷനെതിരെ പൊലീസ് പരസ്യമായി രംഗത്തെത്തി. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതാണ് ഹരീഷിന് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പൊലീസ്, നിലവിലെ ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി കേസ് നടത്താൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.തുടർനടപടികളുടെ ഭാഗമായി മ്യൂസിയം എസ്എച്ച്ഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഹരീഷിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉടൻ തന്നെ മേൽ കോടതിയിൽ അപ്പീൽ നൽകും.

Leave a Reply

Your email address will not be published. Required fields are marked *