മൈസൂരു : ഇന്നലെ രാത്രി 7.30ന് മൈസൂരിലെ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ച എസ്. ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.

വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം.
ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാപ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തുന്നത്. വിഐപികൾക്കായി പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി മൈസൂരുവിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർത്ഥിച്ചു.

